ജല അതോറിട്ടി ഓഫീസിൽ വിജിലൻസ് പരിശോധന

Saturday 14 June 2025 2:02 AM IST

തിരുവനന്തപുരം: വെള്ളയമ്പലത്തെ വാട്ടർ അതോറി​ട്ടി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തിരുവനന്തപുരം കോർപ്പറേഷനിൽ കുടിവെള്ള വിതരണത്തിനും മലിനജല നിർമ്മാർജ്ജനത്തിനുമായുള്ള 'അമൃത്' പദ്ധതിയുടെ നടത്തിപ്പിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന.

പണം തിരികെ അടയ്ക്കാതിരുന്നിട്ടും വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയർ കരാറുകാരന്റെ ബിൽ പാസാക്കി നൽകി. ഇതുവഴി സർക്കാരിന് 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. വെള്ളയമ്പലത്തെ ഓഫീസിൽ ഇന്നലെ രാവിലെ 10.15ന് ആരംഭിച്ച മിന്നൽ പരിശോധന രാത്രിയിലും തുടരുകയാണ്.

മലിനജല നിർമ്മാർജനത്തിനു വേണ്ടി ഇടത്തറ മുതൽ മുട്ടത്തറ വരെയുള്ള ഭാഗത്ത് പൈപ്പ് ഇടുന്നതിന് ജല അതോറിട്ടി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നു. ഈ കമ്പനി പണി പൂർത്തിയാക്കിയില്ല. അതിനാൽ മറ്റൊരു കമ്പനിക്ക് കരാർ നൽകിയാണ് പണി തീർത്തത്.ആദ്യ കരാർ കമ്പനി അമൃത് പദ്ധതിക്ക് ആവശ്യമായ മുഴുവൻ പൈപ്പുകളും വാങ്ങിയിരുന്നു.കരാർ കമ്പനി പണി പൂർത്തിയാക്കാതിരുന്നപ്പോൾ വാങ്ങിയ പൈപ്പുകളിൽ ബാക്കി വന്നവ തിരികെ നൽകുകയോ പൈപ്പിന്റെ വില തിരികെ അടയ്ക്കുകയോ ചെയ്തില്ലെന്ന് വിജിലൻസിന് വിവരം കിട്ടിയിരുന്നു.