ഇറാൻ - ഇസ്രയേൽ സംഘ‌ർഷം ; സമാധാനം പുനഃസ്ഥാപിക്കണമെന്ന് നരേന്ദ്രമോദി,​ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു

Friday 13 June 2025 10:37 PM IST

ന്യൂഡൽഹി; ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് മോദി ഫോണിൽ ആവശ്യപ്പെട്ടു . വെള്ളിയാഴ്ച രാവിലെയാണ് ഇറാന് നേർക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെ മോദിയുമായി നെതന്യാഹു ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടെയാണ് മേഖലയിലെ സ്ഥിതിഗതികളെ കുറിച്ച് മോദി ആശങ്ക പങ്കുവച്ചത്. നെതന്യാഹുവുമായി സംസാരിച്ചതിനെ കുറിച്ച് തന്റെ എക്സ് അക്കൗണ്ടിൽ മോദി പങ്കുവയ്ക്കുകയും ചെയ്തു.

ഇറാനിൽ ഇസ്രയേലിന്റെ വ്യോമ പ്രഹരത്തിൽ . സായുധസേനയിലെ പ്രമുഖ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആസ്ഥാനം അടക്കം നൂറ് ലക്ഷ്യസ്ഥാനങ്ങൾ തകർന്നു.,സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ തലവൻ ഹുസൈൻ സലാമിയും കൊല്ലപ്പെട്ടു. ഇരുന്നൂറോളം പോർ വിമാനങ്ങളാണ് ബോംബുകളും മിസൈലുകളും വർഷിച്ചത്. ആണവകേന്ദ്രങ്ങൾ തകർന്നു. ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു. ഇരുപതോളം ഉന്നത സൈനിക ഓഫീസർമാരെയും വധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 78 പേർ മരിച്ചതായും 329 പേർക്ക് പരിക്കേറ്റതായും ഇറാൻ അറിയിച്ചു. റഡാറുകളും മിസൈൽ ലോഞ്ചറുകളും റോക്കറ്റ് കേന്ദ്രങ്ങളും തകർത്തുകൊണ്ടായിരുന്നു തുടക്കം. തലസ്ഥാനമായ ടെഹറാനിൽമാത്രം ആറു കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. ഇറാൻ വ്യാേമപാത അടച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 'ഓപ്പറേഷൻ റൈസിംഗ് ലയൺ " എന്നു പേരിട്ട ആക്രമണം വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു.