സ്വത്തുതർക്കം: പിതാവിനെ മകൾ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

Saturday 14 June 2025 2:55 AM IST

കല്ലമ്പലം: സ്വത്തുതർക്കംമൂലം പിതാവിനെ മകൾ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ചെമ്മരുതി പഞ്ചായത്ത് ഞെക്കാട് വലിയവിള വിളയിൽ വീട്ടിൽ വിശ്വനാഥനാണ് (80) പരാതിക്കാരൻ. രണ്ടാമത്തെ മകൾ ഞെക്കാട് മണിമംഗലത്ത് വീട്ടിൽ സ്മിതക്കെതിരെയാണ് ഇയാൾ കല്ലമ്പലം പൊലീസിൽ പരാതി നൽകിയത്.

ഭാര്യക്കും തനിക്കുമായുണ്ടായിരുന്ന 11 സെന്റ് വസ്തു മൂന്ന് പെൺമക്കൾക്കുമായി വിശ്വനാഥൻ വീതിച്ചു നൽകിയിരുന്നു.എന്നാൽ തനിക്ക് ലഭിച്ച വസ്തുവിലേക്ക് വഴിയില്ലെന്ന് കാട്ടി സ്മിത അച്ഛനുമായി വഴക്കിലായിരുന്നു.തുടർന്ന് വീടിനോടു ചേർന്ന് വിശ്വനാഥൻ നടത്തുന്ന കടയിലെത്തി സ്മിത പിതാവിനെ ആക്രമിക്കുകയായിരുന്നു. കുരുമുളക് വെള്ളം മുഖത്തേക്ക് സ്‌പ്രേ ചെയ്യുകയും, കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി വിശ്വനാഥൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഇയാൾ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിശ്വനാഥന്റെ കണ്ണുകൾക്ക് പോറലുണ്ട്.