നിലമ്പൂരിൽ പ്രചരണത്തിനിറങ്ങാൻ നെൽക‌ർഷക സംരക്ഷണ സമിതി

Saturday 14 June 2025 12:58 AM IST

ആലപ്പുഴ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നെൽകർഷകർക്കൊപ്പം നിൽക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതി നാളെ വോട്ടർമാരെക്കണ്ട് ആശയപ്രചരണംനടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭരിച്ച നെല്ലിന്റെ വില പൂർണമായും നൽകുക, പി.ആർ.എസ് വായ്പയിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, രണ്ടാംകൃഷിക്കും പുഞ്ചകൃഷിക്കുമുള്ള നെൽവിത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, തോട്ടപള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ അറ്റകുറ്റപ്പണികൾ കാലേ കൂട്ടി പൂർത്തിയാക്കി വൃശ്ചിക വേലിയേറ്റത്തെ ചെറുക്കുന്ന രീതിയിൽ റെഗുലേറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രചരണം. വാർത്താസമ്മേളനത്തിൽ നെൽകർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാജി, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, കോഓർഡിനേറ്റർ ജോസ് കാവനാട്, വൈസ് പ്രസിഡന്റ് പി. വേലായുധൻ നായർ എന്നിവർ സംസാരിച്ചു.