പനിബാധിത‌ർ കൂടുന്നു

Saturday 14 June 2025 12:09 AM IST

ആലപ്പുഴ : മഴ വീണ്ടും ശക്തിപ്രാപിക്കുന്നതിനിടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 3277 പേരാണ് പനി ബാധിച്ച് ചികിത്സ സർക്കാ‌ർ ആശുപത്രികളിൽ മാത്രം തേടിയത്. ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും.

പനി മാറിയാലും വിട്ടുമാറാത്ത ചുമ, ക്ഷീണം എന്നിവ പലരെയും അലട്ടുന്നുണ്ട്. കുട്ടികൾക്കിടയിലും പനി വ്യാപകമായി. മുതിർന്നവർക്കടക്കം വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. കാലവ‌ർഷവും വെള്ളപ്പൊക്കവുമടക്കമുള്ള സാഹചര്യത്തിൽ സ്വയംചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

16 പേർക്ക് ഡെങ്കിപ്പനി

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 16 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 55 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ഡെങ്കിപ്പനി തടയുന്നതിനായി, കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലോ പരിസരത്തോ ഇല്ലെന്ന് ഉറപ്പാക്കണം. വീടിനകത്തും പുറത്തും പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കരുത്. കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക്, കളിപ്പാട്ടങ്ങൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ തുടങ്ങിയവയിൽ ഒരാഴ്ച തുടർച്ചയായി വെള്ളം കെട്ടിക്കിടന്നാൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും.

ഭീഷണിയായി എലിപ്പനിയും

മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ ജില്ലയിൽ എലിപ്പനി ഭീഷണിയുമുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ചുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. വെള്ളക്കെട്ട് നിറഞ്ഞ സ്ഥലത്തുകൂടിയുള്ള സഞ്ചരിക്കുന്ന‌വർ, മത്സ്യബന്ധനത്തൊഴിലാളികൾ, തൊഴിലുറപ്പ് ജോലിക്കാർ തുടങ്ങി ജലാശയങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കണം. കാലുകളിൽ മുറിവുകളുണ്ടെങ്കിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മലിനജലത്തിൽ ഇറങ്ങാൻ സാദ്ധ്യതയുള്ള എല്ലാവരും ആരോഗ്യപ്രവ‌ർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.