മോഷ്ടാക്കൾ കാണാമറയത്ത്; ഭീതി ഒഴിയാതെ നഗരം

Saturday 14 June 2025 7:12 AM IST

ആലപ്പുഴ: നഗരത്തിലെ മോഷണക്കേസുകളിൽ പ്രതികളെ സമയബന്ധിതമായി പിടികൂടാനാവാത്തത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്നു. പഴവീട് അത്തിത്തറ പുത്തൻ പറമ്പിൽ വിഷ്ണുവിന്റെ വീട്ടിൽ നിന്ന് മാർച്ച് ഒന്ന്, പന്ത്രണ്ട് തീയതികളിലായി ലക്ഷങ്ങൾ വിലയുള്ള നാല് ഡ്രം സോളാർ ഡി.സി കേബിളുകൾ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ മൂന്ന് മാസം പിന്നിട്ടിട്ടും പിടികൂടാൻ സാധിച്ചിട്ടില്ലാത്തത്.

പ്രദേശത്ത് അത്തിത്തറ റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും വിഷ്ണുവിന്റെ വസതിയിൽ നിന്നുമുള്ള മോഷണത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിരുന്നു. ബൈക്കിലെത്തിയ യുവാക്കളാണ് മോഷണത്തിന് പിന്നിലെന്ന് മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. വാഹനത്തിന്റെ നമ്പരടക്കം ഒന്നും വ്യക്തമല്ല.

പട്രോളിംഗ് ശക്തമാക്കണം

 പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

 പഴവീട് ഭാഗം കേന്ദ്രീകരിച്ച് വർഷങ്ങളായി മോഷണം പതിവാണ്

 വീട്ടമ്മയെ കഴുത്തിൽ കുരുക്കിട്ട് മാല പൊട്ടിച്ച സംഭവത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കിട്ടിയിട്ടില്ല

 ഒരുദിവസം ഒന്നിലധികം തവണ മോഷണ ശ്രമമുണ്ടാകുന്ന സാഹചര്യം പോലും പ്രദേശത്തുണ്ടെന്ന് ജനങ്ങൾ

കാര്യക്ഷമമായ പൊലീസ് പട്രോളിംഗ് പ്രദേശത്ത് ഇല്ലാത്തത് സാമൂഹ്യ സുരക്ഷയ്ക്കും പ്രദേശവാസികളുടെ സ്വൈരജീവിതത്തിനും കനത്ത ഭീഷണിയാണ്

- വി.എസ്.മഹേഷ്, സെക്രട്ടറി, അത്തിത്തറ റെസിഡന്റ്സ് അസോസിയേഷൻ