വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവർക്കെതിരെ കേസ്

Saturday 14 June 2025 2:16 AM IST

വിഴിഞ്ഞം: വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ടാക്സി ഡ്രൈവർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഏപ്രിലിൽ ഇവിടെ വന്നുപോയ വിദേശ വനിത നാട്ടിലെത്തിയ ശേഷം തങ്ങിയ റിസോർട്ട് അധികൃതർക്കയച്ച ഇ-മെയിൽ സന്ദേശത്തിലാണ് പരാതി അറിയിച്ചത്. റിസോർട്ട് അധികൃതർ ഇ-മെയിൽ സന്ദേശം കൈമാറിയതിനെ തുടർന്നാണ് പ്രദേശവാസിയായ ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുത്തത്. ശരീരത്തിൽ മോശമായി സ്പർശിച്ചെന്നും അശ്ലീല പ്രദർശനം നടത്തിയെന്നുമാണ് പരാതിയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. വാഹനയാത്രയ്ക്കിടെ വിഴിഞ്ഞം സ്‌റ്റേഷനതിർത്തിയിൽ ബൈപ്പാസിലെ അടിപ്പാതയിൽ വച്ചും ശംഖുംമുഖത്ത് വച്ചുമാണ് ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും പരാതിയിലുണ്ട്. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഫോർട്ട് അസി.കമ്മിഷണർ എൻ.ഷിബു പറഞ്ഞു.