അന്ന് സുലൈമാനി, ഇന്ന് സലാമി
ടെഹ്റാൻ: ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ കരുത്തുറ്റ സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് നിലവിലെ മേധാവിയായ ഹുസൈൻ സലാമിയുടെ ( 65 ) മരണം.
ഇറാനിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്ക് ശേഷം ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സലാമി. ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് 1980ലാണ് സലാമി റെവല്യൂഷനറി ഗാർഡിന്റെ ഭാഗമായത്. യു.എസിന്റെയും സഖ്യ കക്ഷികളുടെയും കടുത്ത വിമർശകനായ സലാമി കാലക്രമേണ ഉന്നത റാങ്കുകളിൽ എത്തി.
ഇറാന്റെ ആണവ, സൈനിക പദ്ധതികളുടെ പേരിൽ സലാമിയ്ക്കെതിരെ യു.എൻ രക്ഷാസമിതിയും യു.എസും ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇസ്രയേലിന് നേരെ ഇറാൻ 300 ഡ്രോണുകളും മിസൈലുകളുമായി നേരിട്ട് ആക്രമണം നടത്തുമ്പോൾ സലാമിയായിരുന്നു റെവല്യൂഷനറി ഗാർഡിനെ നയിച്ചത്. 2019ലാണ് സലാമി റെവല്യൂഷനറി ഗാർഡിന്റെ തലപ്പത്തെത്തിയത്.
സലാമിയുടെ മരണത്തോടെ മുഹമ്മദ് പക്പോറിനെ റെവല്യൂഷനറി ഗാർഡിന്റെ പുതിയ തലവനായി നിയമിച്ചു. റെവല്യൂഷനറി ഗാർഡിന്റെ വിദേശ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനിയെ 2020ൽ യു.എസ് ഡ്രോൺ ആക്രമണത്തിലൂടെ വധിക്കുകയായിരുന്നു.