ട്രംപിന്റെ അന്ത്യശാസനത്തിന് വഴങ്ങിയില്ല,പിന്നാലെ പ്രഹരം

Saturday 14 June 2025 2:43 AM IST

വാഷിംഗ്ടൺ: ' ഒരു കരാറിലെത്താൻ, രണ്ടു മാസം മുമ്പ് ഞാൻ ഇറാന് 60 ദിവസത്തെ സമയപരിധി നൽകിയിരുന്നു. ഇന്ന് 61 -ാം ദിവസമാണ്. എന്തുചെയ്യണമെന്ന് ഞാൻ നിർദ്ദേശിച്ചിരുന്നു, പക്ഷേ, അവർക്ക് അതിന് കഴിഞ്ഞില്ല... ഇപ്പോൾ അവർക്ക്, രണ്ടാമതൊരു അവസരം ലഭിച്ചേക്കാം....!" ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ച ഈ വരികളിലൂടെ ഒന്ന് വ്യക്തം; ഇറാനെ അടിച്ചത് ഇസ്രയേലാണെങ്കിലും പിന്നിൽ യു.എസിന്റെ കൈകളുമുണ്ട് . ആണവ കരാറിൽ ധാരണയിലെത്താനാണ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയിരുന്നത്.

ആണവായുധം നിർമ്മിക്കാതിരുന്നാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്ന ധാരണയിൽ യു.എസും പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് ആവിഷ്കരിച്ച കരാർ 2016ൽ പ്രാബല്യത്തിൽ വന്നിരുന്നു. കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണ പരിധി ഇറാൻ നിജപ്പെടുത്തുകയും ആണവ റിയാക്ടറുകളിലെ പ്രവർത്തനം നിറുത്തുകയും ചെയ്തിരുന്നു. എന്നാൽ 2018ൽ ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് യു.എസ് കരാറിൽ നിന്ന് പിന്മാറി. ഇതിലും മികച്ച കരാർ രൂപപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം.

2018ന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇറാനും യു.എസും തമ്മിൽ ആണവ ചർച്ച തുടങ്ങിയത്. ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി അടക്കം കടുത്ത പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് ആണവായുധങ്ങൾ പാടില്ലെന്നാണ് ട്രംപിന്റെ പക്ഷം. ആണവ പദ്ധതി പരിമിതപ്പെടുത്താനുള്ള കരാറിന് ഇറാൻ തയ്യാറാണ്. എന്നാൽ അത് പൂർണമായും ഇല്ലാതാക്കാൻ ഒരുക്കമല്ല.

 എതിർത്തവരെ തീർത്തു !

കരാറിന് എതിര് നിന്ന ഇറാനിലെ 'കർക്കശക്കാർ" എല്ലാം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. റെവലൂഷണറി ഗാർഡിന്റെ തലവൻ ഹുസൈൻ സലാമി,​ സായുധ സേന ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി എന്നിവരടക്കം 20ഓളം സൈനിക കമാൻഡർമാരെയും ഫെറൈദൂൺ അബ്ബാസി ദവാനി അടക്കം ആറ് ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചു. ശക്തമായ ആക്രമണങ്ങൾ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പും ഇസ്രയേൽ നൽകിയിട്ടുണ്ട്.