ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി അർജുൻ അവൾക്കരികിലേക്ക്
ഗാന്ധിനഗർ: ഭാര്യ ഭാരതീബെന്നിന്റെ ചിതാഭസ്മം അവളുടെ ജന്മനാട്ടിലെ നദിയിൽ നിമജ്ജനം ചെയ്യാനാണ് അർജുൻ മനുഭായി പടോലിയ ഗുജറാത്തിലെത്തിയത്. ലണ്ടനിൽ അർജുന്റെ വരവും കാത്ത് എട്ടും നാലും വയസുള്ള പെൺമക്കളുണ്ട്. അവർ അറിഞ്ഞിട്ടില്ല, അച്ഛൻ അമ്മയുടെ അരികിലേക്ക് പോയെന്ന്.
ഒരാഴ്ച മുമ്പാണ് അസുഖ ബാധിതയായി ഭാരതി ബെന്നിന്റെ മരണം. ജന്മനാട്ടിൽ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ചിതാഭസ്മം ഒഴുക്കണമെന്നുള്ള ഭാരതിയുടെ ആഗ്രഹം സഫലമാക്കുന്നതിനാണ് 36കാരനായ അർജുൻ അംറേലിയിൽ എത്തിയത്. ബന്ധുക്കളെക്കൂട്ടി ചിതാഭസ്മം നിമജ്ജനം ചെയ്തു. ബലികർമ്മങ്ങളും നടത്തി. മടക്കയാത്ര ദുരന്തവുമായി.
വിമാനാപകടത്തിൽ അർജുൻ മരിച്ചെന്ന് അനന്തരവൻ ക്രിഷ് ജഗദീഷ് പടോലിയ സ്ഥിരീകരിച്ചു. സുഹൃത്തിന്റെ വീട്ടിൽ മക്കളെ നിറുത്തിയിട്ടാണ് അർജുൻ ഗുജറാത്തിലെത്തിയത്. അമ്മയും അച്ഛനും പോയതോടെ കുരുന്നുകൾ അനാഥരായി. ലണ്ടനിൽപോയി ഇവരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.