ബോയിംഗ് കമ്പനി പ്രതിരോധത്തിൽ

Saturday 14 June 2025 1:30 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടം അമേരിക്കൻ കമ്പനിയായ ബോയിംഗിന് വൻ തിരിച്ചടിയായി. വിമാനങ്ങളുടെ സുരക്ഷയിൽ നാളുകളായി ആശങ്ക നലനിൽക്കുകയാണ്. ഇതു പരിഹരിച്ച് വിശ്വാസ്യത വീണ്ടെടുക്കാൻ പുതിയ സി.ഇ.ഒ കെല്ലി ഓർട്ട്ബെർഗിന്റെ നേതൃത്വത്തിൽ ശ്രമിച്ചു വരികയായിരുന്നു.

മുന്നൂറോളം പുതിയ ഓർഡറുകൾ കമ്പനിക്കുണ്ട്. ബോയിംഗ് 737 വിമാനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് അപകടം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന പാരീസ് എയർ ഷോയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരിക്കുകയാണ് ഓർട്ട്ബെർഗ്. വിമാനാപകടത്തിന്റെ അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബോയിംഗ് ടീം അഹമ്മദാബാദിലെത്തും.

ആക്‌സിയോസ് ഹാരിസ് പോൾ സർവേയിൽ ലോകത്തെ ആദ്യ 100 കോർപ്പറേറ്റ് ബ്രാൻഡുകളിൽ ബോയിംഗിന് 88-ാം സ്ഥാനമാണ്. കമ്പനിയുടെ ഓഹരി മൂല്യം അപകടത്തോടെ ഇടിഞ്ഞു. അഹമ്മദാബാദിൽ തകർന്ന ‌ഡ്രീംലൈനറിന് 11 വർഷമാണ് പഴക്കം.

ആവർത്തിച്ച് അപകടം

2018ലും 2019ലും ബോയിംഗ് 737 അപകടത്തിൽപ്പെട്ട് 346 പേർ മരിച്ചിരുന്നു. 2018ൽ ഇന്തോനേഷ്യയിൽ പറന്നുയർന്നയുടൻ തകർന്നു. 189 പേരാണ് മരിച്ചത്. 2019ൽ എത്യോപ്യയിൽ സമാന രീതിയിൽ 157 പേരും മരിച്ചു. ഇതോടെ ഈ ശ്രേണിയിൽപ്പെട്ട 387 വിമാനങ്ങളുടെ സർവീസ് വർഷങ്ങളോളം നിറുത്തിവച്ചു. 2020ൽ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അന്വേഷണത്തിൽ ബോയിംഗ് 737 മാക്‌സിൽ സെൻസറുകളിലുൾപ്പെടെ അപാകത കണ്ടെത്തി. 2024 ജനുവരിയിൽ അലാസ്‌ക എയർലൈൻസിന്റെ ബോയിംഗ് വിമാനം പറക്കുന്നിനിടെ വാതിലിലെ പ്ലഗ് പൊട്ടിത്തെറിച്ചു. സി.ഇ.ഒ ഡേവ് കാൾഹൗൺ രാജിവച്ചു.

അടച്ചത് വൻപിഴ

1. യു.എസ് സുരക്ഷാ ഏജൻസികളിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചതിന് 2021 ജനുവരിയിൽ 2.5 ബില്യൺ ഡോളർ പിഴ

2. 2018ലെയും 2019ലെയും വിമാനാപകടങ്ങളിൽ 243.6 മില്യൺ ഡോള‌ർ ക്രിമിനൽ മോണിറ്ററി പെനാൽറ്റി

3. യാത്രക്കാരുടെ കുടുംബങ്ങൾക്ക് 1.77 ബില്യൺ ഡോള‌ർ നൽകി. ഇരകൾക്കായി രൂപീകരിച്ച ഫണ്ടിലേക്ക് 500 മില്യൺ ഡോളർ