അത്ഭുത രക്ഷപ്പെടൽ വിശ്വസിക്കാൻ ആവാതെ വിശ്വാസ്
എമർജൻസി എക്സിറ്റിലൂടെ ചാടി
അഹമ്മദാബാദ്: കൺമുമ്പിലാണ് എല്ലാം സംഭവിച്ചത്. എന്റെ മരണവും ഉറപ്പെന്നു കരുതി. എങ്ങനെയാണ് പുറത്തു കടന്നതെന്ന് അറിയില്ല...
അഹമ്മദാബാദിൽ പൊട്ടിച്ചിതറി കത്തിയ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക മനുഷ്യൻ വിശ്വാസ്‌കുമാർ രമേഷ് ആശുപത്രിക്കിടക്കിൽ അമ്പരപ്പിലാണ്. ജീവൻ ബാക്കിവച്ചതിന് ദൈവത്തിനു നന്ദി പറഞ്ഞ് വിശ്വാസ് അദ്ഭുത രക്ഷപ്പടൽ വിശദീകരിച്ചു.
ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് സഹോദരനൊപ്പമായിരുന്നു വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചത്. 11-A ആയിരുന്നു വിശ്വാസിന്റെ സീറ്റ് നമ്പർ. എമർജൻസി വാതിലിന് സമീപത്തെ സീറ്റ്. വിമാനം ഇടിച്ചിറങ്ങിയപ്പോൾ ഈ ഭാഗം പൊട്ടി ഹോസ്റ്റലിന്റെ ഗ്രൗണ്ട് ഫ്ളോറിലേക്ക് വീണു. വീഴ്ചയിൽ വാതിൽ കുറച്ചു തുറന്നപ്പോൾ കിട്ടിയ വിടവിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു 40കാരനായ വിശ്വാസ്.
പക്ഷേ, ഇടനാഴിക്ക് എതിർവശത്തുള്ള 11-J ആയിരുന്നു വിശ്വാസിന്റെ സഹോദരന്റെ സീറ്റ്. ഹോസ്റ്റൽ ചുമരിനോട് ചോർന്നു പതിച്ച ഈ ഭാഗം കത്തിയമർന്നു. സഹോദരനുൾപ്പെടെ ചാരമായി.
ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിമാനത്തിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് മനസിലായി. ആടിയുലഞ്ഞതോടെ പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞു. പൈലറ്റുമാർ വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും നല്ല വേഗതയിൽ കെട്ടിടത്തിൽ ഇടിച്ച് ചിതറിയെന്ന് വിശ്വാസ് പറഞ്ഞു. തന്റെ കൺമുമ്പിൽവച്ച് രണ്ട് എയർഹോസ്റ്റസുമാരെ അഗ്നി വിഴുങ്ങിയത്.
നിലവിൽ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 20 വർഷമായി വിശ്വാസ് കുമാർ ലണ്ടനിലാണ്. ഭാര്യയും കുട്ടിയും ലണ്ടനിലുണ്ട്. ആശുപത്രിയിൽ വിശ്വാസിനെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർ സന്ദർശിച്ചു.
ഇഷ്ടമില്ലാത്ത സീറ്റ്
രക്ഷയായി
ഇക്കണോമി ക്ലാസിലെ ആദ്യ നിരയിലാണ് സീറ്റ് 11A. ബിസിനസ് ക്യാബിന് തൊട്ടുപിന്നിൽ. വിമാനത്തിന്റെ പോർട്ട് വശത്തുള്ള വിൻഡോ സീറ്റാണ്. ഇതിന് അടുത്താണ് എമർജൻസി എക്സിറ്റ്. മദ്ധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നതിനാൽ ആളുകൾ ഈ സീറ്റ് തിരഞ്ഞെടുക്കാറില്ല. ഇതിലെ യാത്രക്കാരാണ് അവസാനമേ ഇറങ്ങാനാകൂ. വിൻഡോ സീറ്റാണെങ്കിലും ക്യാബിൻ എയർ കണ്ടീഷനിംഗ് സിസ്റ്റം കാരണം ഈ സീറ്റിൽ ജനൽ ഉണ്ടാവാറുമില്ല.