ആ പത്തു മിനിട്ടിനുണ്ട് ഭൂമിയുടെ ജീവന്റെ വില
Saturday 14 June 2025 1:33 AM IST
അഹമ്മദാബാദ്: ഗതാഗതക്കുരുക്കിൽപ്പെട്ട് പത്ത് മിനിട്ട് വൈകിയപ്പോൾ ഭൂമി ചൗഹാൻ ആ നേരത്തെ പഴിച്ചു. അപ്പോൾ അവരറിഞ്ഞില്ല തന്റെ ജീവന്റെ വിലയാണ് ആ നേരത്തിനെന്ന്. പോകാനിരുന്ന വിമാനം പുറപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തീഗോളമായെന്ന വാർത്ത കേട്ട് ഭൂമി തരിച്ചുപോയി.
'സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മനസ് ശൂന്യമായത് പോലെ. ഉച്ചയ്ക്ക് 1.10നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ചെക്കിംഗ് ഇൻ ഗേറ്റിലെത്തേണ്ടിയിരുന്നത് 12.10ന്. പക്ഷേ എത്താനായത് 12.20ന്. വിമാനത്തിൽ കയറാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയുമ്പോൾ ഞാൻ എയർപോർട്ടിനു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. കുറച്ചുനേരത്തേക്ക് ഞാൻ ഇല്ലാതായി... '- ഭൂമി പറയുന്നു. ഭർത്താവിനൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വർഷത്തിന് ശേഷം അവധി ആഘോഷിക്കാനാണ് അഹമ്മദാബാദിലെത്തിയത്.