കുതിച്ചുയർന്ന് ക്രൂഡോയിൽ വില ഇന്ധന,ഗ്യാസ് വില ഇന്ത്യയിലും കൂടും
Saturday 14 June 2025 1:56 AM IST
കൊച്ചി: ഇറാനെതിരെ ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. പ്രമുഖ എണ്ണ ഉത്പാദകരായ ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇന്ധന ലഭ്യതയിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കയിൽ ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 14 ശതമാനം വർദ്ധിച്ച് 79 ഡോളർ വരെ ഉയർന്നു. ഇന്നലെ മാത്രം പത്ത് ഡോളറിന്റെ വർദ്ധനയാണുണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തുമെന്ന് ആഗോള ഏജൻസികൾ പ്രവചിക്കുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖല ഇന്ധന കമ്പനികൾ പാചകവാതകം, വിമാന ഇന്ധനം തുടങ്ങിയവയുടെ വില വർദ്ധിപ്പിച്ചേക്കും. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിപ്പിക്കുകയുള്ളൂവെന്ന് എണ്ണ കമ്പനികളോട് അടുത്ത വൃത്തങ്ങൾ പറയുന്നു.