27 വർഷത്തെ ഇ‌ടവേളയിലെ രണ്ട് വിമാനാപകടങ്ങൾ, മരണത്തെ തോൽപ്പിച്ച രണ്ടുപേർ; ഇരുന്നത് ഒരേ നമ്പർ സീറ്റിൽ

Saturday 14 June 2025 12:53 PM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് അവിശിഷ്‌‌ടങ്ങൾക്കിടയിൽ നിന്ന് ഒരാൾ ജീവനോടെ പുറത്തെത്തിയത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസ് കുമാർ ബുചർവാദ(40) ആണ് ഏവരെയും അത്ഭുതപ്പെടുത്തി അപകടത്തെ അതിജീവിച്ചത്. 242 പേരുമായി കത്തിയമർന്ന വിമാനത്തിൽ നിന്ന് മരണത്തെ തോൽപ്പിച്ച ഒരേയൊരാൾ.

വലതു വശത്ത് വിമാന ചിറകിന് മുന്നിൽ ജനലിനോട് ചേർന്ന 11എ സീറ്റിലിരുന്ന വിശ്വാസിന് തീപടരുന്നതിന് മുൻപ് പുറത്ത് കടക്കാൻ കഴിഞ്ഞതാണ് രക്ഷയായത്. കാര്യമായ പരിക്കുകളില്ലാതെ രക്ഷാപ്രവർത്തകർക്കൊപ്പം നടന്നായിരുന്നു അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. ഒപ്പം സഞ്ചരിച്ച രമേശിന്റെ സഹോദരൻ മരണപ്പെട്ടു. ഇപ്പോഴിതാ വിമാനാപകടത്തിൽ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട വിശ്വാസുമായി ബന്ധപ്പെട്ട് തായ്‌ലാൻഡ് നടനും ഗായകനുമായ റുവാംഗ്‌സാക് ലോയ്‌ചുസാക് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

27 വ‌ർഷങ്ങൾക്കുമുൻപ് താൻ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവമാണ് റുവാംഗ്‌സാക് പങ്കുവച്ചത്. അന്ന് നടൻ ഇരുന്നതും 11എ സീറ്റിലായിരുന്നു. 1998 ഡിസംബർ 11ന് ദക്ഷിണ തായ്‌ലാൻഡിലാണ് വിമാനാപകടമുണ്ടായത്. ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ തായ് എയർവേയ്‌സ് ഫ്ലൈറ്റ് ടിജി261 ഒരു ചതുപ്പിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേർ മരിച്ചു. അന്ന് 20 വയസായിരുന്നു റുവാംഗ്‌സാകിന്.

എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വാസ് 11എ സീറ്റിലാണ് ഇരുന്നത് എന്ന കേട്ടപ്പോൾ തനിക്ക് മരവിപ്പ് അനുഭവപ്പെട്ടുവെന്നാണ് നടൻ പറഞ്ഞത്. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. തന്റെ പക്കൽ അന്നത്തെ ബോർഡിംഗ് പാസ് ഇല്ലെങ്കിലും അന്നത്തെ വിമാനാപകടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പത്രവാ‌ർത്തകളിൽ തന്റെ സീറ്റ് നമ്പറും ഉണ്ടെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. അപകടത്തിനു ശേഷമുള്ള തന്റെ ജീവിതത്തെ രണ്ടാം ജീവിതമാണെന്ന് പറഞ്ഞ അദ്ദേഹം അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനവും അറിയിച്ചു.

വിമാനാപകടത്തിന് ശേഷം വർഷങ്ങളോളം താൻ അനുഭവിച്ച ആഘാതത്തെയും അതിജീവിച്ചയാളുടെ കുറ്റബോധത്തെയും കുറിച്ച് നടൻ നിരവധി അവസരങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം അദ്ദേഹം പിന്നീട് വിമാനയാത്ര നടത്തിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.