ആദിവാസി സ്ത്രീയുടെ മരണം; കാട്ടാന ആക്രമണത്തിലല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി

Saturday 14 June 2025 2:35 PM IST

പീരുമേട്: വെള്ളിയാഴ്ച പീരുമേട് വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടുവെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്നും അതിന് ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ മൽപിടുത്തത്തിന്റെ പാടുകളും പലതവണ തല മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തി. വലിച്ചിഴച്ചതിന്റെയും നാഭിയ്ക്ക് മ‌ർദ്ദനമേറ്റതിന്റെയും പാടുകളുണ്ട്. ഇടതുവശത്തെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മൂന്നെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തു നിന്ന് താഴേക്ക് വീണതിന് സമാനമായ പരിക്കുകളും ടെ ശരീരത്തിലുണ്ടെന്നും പറയുന്നു. കഴുത്തിലും കൈകളിലും മൽപിടിത്തം നടന്നതിന്റെ പാടുകളുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും ഇന്ന് വനത്തിൽ സീത കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച് കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. മൃതദേഹം തോട്ടാപ്പുര പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭർത്താവ് ബിനുവും മക്കളും ബന്ധുക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഭാര്യ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ബിനു (48) തന്നെയാണ് വനപാലകരെ അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോൻ, അജിമോൻ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും ബിനു പറയുന്നു. രണ്ടുമണിയോടെ കുട്ടികളാണ് ഫോൺ വിളിച്ച് അപകടവിവരം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കളും വനപാലകരും കാടിനുള്ളിൽ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷമാണ് സീത മരിച്ചത്. ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. ബിനു സീതയുടെ രണ്ടാം ഭർത്താവാണ്. ആദ്യ വിവാഹത്തിൽ ഏഴു കുട്ടികൾ സീതയ്ക്കുണ്ട്. കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സീതയുടെ മക്കളിലൊരാളും വ്യക്തമാക്കുന്നുണ്ട്. കാട്ടാനയാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ധരിച്ചിരുന്ന നാട്ടുകാർ ഇന്നലെ പീരുമേട്ടിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.