"അത് മമ്മൂട്ടിക്ക് മാത്രം അറിയാവുന്ന കാര്യമാണ്; അദ്ദേഹത്തിനൊരു കുറ്റബോധമുണ്ടായിരുന്നു"

Saturday 14 June 2025 3:06 PM IST

നടൻ സുകുമാരൻ മരിച്ചിട്ട് രണ്ടര പതിറ്റാണ്ടിലേറെയായെങ്കിലും ഇന്നും മലയാളികൾക്ക് പ്രിയങ്കരനാണ് അദ്ദേഹം. ഭാര്യയും നടിയുമായ മല്ലിക സുകുമാരനും, മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവർ തന്നെ. പണ്ട് അമ്മ സംഘടനയിൽ പ്രശ്നമുണ്ടായപ്പോൾ സുകുമാരൻ ഏറെ വിഷമിച്ചിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരനിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'സുകുവേട്ടന് അമ്മ സംഘടയിലെ പ്രശ്നം വന്നപ്പോൾ വേദനയുണ്ടായി. എനിക്ക് തോന്നുന്നു അത് മമ്മൂട്ടിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്ന്. അവർ തമ്മിൽ നല്ല കൂട്ടായിരുന്നു. എന്തിനാണ് സംഘടനയിൽ നിന്ന് എന്നെ മാറ്റിനിർത്തിയതെന്നൊക്കെ അവർ തമ്മിൽ പറയുമായിരുന്നു. ലാൽ അന്ന് കൊച്ചാണ്. അതുകൊണ്ട് ലാലിന്റെയടുത്ത് കാര്യമായ ചർച്ചയൊന്നുമുണ്ടായിട്ടില്ല.

പണ്ട് അമ്മ മീറ്റിംഗ് നടക്കുമ്പോൾ, ആ പ്രശ്നങ്ങളൊക്കെ കളയണം ചേച്ചിയെന്നൊക്കെ എന്നോട് മമ്മൂട്ടി പറഞ്ഞായിരുന്നു. ഞാൻ ബഹുമാനത്തോടെ കണ്ടിരുന്നയാളായിരുന്നു മമ്മൂട്ടി. എന്തിനാണ് അവർ എന്നെ അകറ്റിയതെന്നൊക്കെ സുകുവേട്ടൻ ചോദിക്കുമ്പോൾ അത് പറ്റിപ്പോയെന്നൊക്കെ പറയുമായിരുന്നു. മമ്മൂക്ക് അതിനകത്തൊരു കുറ്റബോധമുണ്ടായിരുന്നു.'- മല്ലിക സുകുമാരൻ പറഞ്ഞു. തന്റെ മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ തിരിച്ചുപറയുമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. പുതിയ തലമുറയിലുള്ളവരുടെ കൂടെ അഭിനയിക്കാൻ രസമാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, മല്ലിക സുകുമാരന്റെ പുതിയ ചിത്രം വ്യസനസമേതം ബന്ധുമിത്രാദികൾ തീയേറ്ററിലെത്തിയിരിക്കുകയാണ്. നല്ല സിനിമയാണിതെന്നും ചിരിച്ചുകൊണ്ടായിരിക്കും പ്രേക്ഷകർ തീയേറ്ററിൽ നിന്നിറങ്ങുകയെന്നും അവർ വ്യക്തമാക്കി.