രാജ്യത്തെ ആദ്യ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം 50-ന്റെ നിറവിൽ, ഉദരരോഗ ചികിത്സയിൽ മികവിന്റെ രജതരേഖ

Sunday 15 June 2025 4:42 AM IST

സങ്കീർണമായ ഉദര രോഗങ്ങൾ നിർണയിക്കാനും ശസ്ത്രക്രിയ നടത്താനുമുള്ള സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം രാജ്യത്ത് ആരംഭിച്ചിട്ട് 50 വർഷം തികയുന്നു. അഭിമാനാർഹമായ ഈ നേട്ടം കേരളത്തിന് സ്വന്തം. തിരുവനന്തപുരം മെഡിക്കൽ കോളേജാണ് സർജിക്കൽ ഗ്യാസ്‌ട്രോ രംഗത്ത് ഇന്ത്യയ്ക്ക് വഴികാട്ടിയായത്. അരനൂറ്റാണ്ട് പിന്നിടുമ്പോൾ എണ്ണിപ്പറയാൻ നേട്ടങ്ങൾ നിരവധിയാണ്. മൺത്തരിയിൽ നിന്ന് വലിയൊരു ശില്പം പിറവികൊള്ളുന്നതു പോലെയാണ് മെഡിക്കൽ കോളേജിൽ ഈ വിഭാഗത്തിന്റെ വളർച്ച.

കരൾ, പാൻക്രിയാസ്, വൻകുടൽ തുടങ്ങിയ അവയവങ്ങളിലെ രോഗാതുരത കാരണം ജീവിതം ഇരുളടഞ്ഞ ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരാൻ ഈ വിഭാഗത്തിലെ ഡോക്ടർമാർക്കു കഴിഞ്ഞു. അത് അവിശ്രമം തുടരുകയും ചെയ്യുന്നു. 1975-ലാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിച്ചത്. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ മുതലായ നൂതന ഉപകരണങ്ങളില്ലാത്ത കാലത്തായിരുന്നു ശ്രമകരമായ ആ ദൗത്യം. രോഗികളോട് വിശദമായി സംസാരിച്ചും പരിശോധിച്ചും എക്‌സ്‌റേയുടെ മാത്രം സഹായത്താൽ രോഗനിർണയം നടത്തി സർജിക്കൽ ഗ്യാസ്‌ട്രോ പിച്ചവച്ചു തുടങ്ങി. ഡോ. രാജന്റെ മേൽനോട്ടത്തിലായിരുന്നു തുടക്കം. സഹപ്രവർത്തകരായി സർജറി വിഭാഗത്തിൽ നിന്ന് വർക്കിംഗ് അറേഞ്ച്‌മെന്റിൽ വന്ന ഡോ. തോമസ് ജോൺ ജോൺ, എസ്.എച്ച്.ഒമാരായി ഡോ. ബാലചന്ദ്രൻ, ഡോ. വേണു, ഡോ. സോദരി തോമസ് എന്നിവരുണ്ടായിരുന്നു.

പിന്നാലെ ഡോ. ആനന്ദകുമാറിന്റെ സേവനവും ലഭ്യമായി. അദ്ദേഹം പിൽക്കാലത്ത് വകുപ്പ് മേധാവിയുമായി. കൂട്ടായ പ്രവർത്തനവും കഠിനാദ്ധ്വാനവും കൊണ്ട്,​ സങ്കീർണമായ ഉദരരോഗങ്ങളുമായി എത്തിയ നിരവധി രോഗികൾ സൗഖ്യം പ്രാപിക്കാൻ തുടങ്ങി. ഉദരസംബന്ധമായ ക്യാൻസറിന് കാരണമാകുന്ന മുഴകൾ ഉൾപ്പെടെ നീക്കം ചെയ്തുകൊണ്ട് പാവപ്പെട്ടവർക്ക് ഈ വിഭാഗം അത്താണിയായി.

വഴിത്തിരിവും

കുതിപ്പും സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി ആരംഭിക്കുന്നതിന് രണ്ടുവർഷം മുമ്പ്,​ 1973-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗവുമായി കൈകോർത്തതോടെ ചികിത്സാരീതികൾ പുതിയ തലങ്ങളിലേക്ക് വ്യാപിച്ചു. സംയുക്തമായി ചർച്ചകളും പഠനവും ഗവേഷണവും ആരംഭിച്ചതിന്റെ ഫലമായി രണ്ടു വിഭാഗങ്ങളിലെയും രോഗനിർണയവും ചികിത്സയും മെച്ചപ്പെട്ടു. 1981-ൽ ഇന്ത്യൻ സൊസൈറ്റി ഒഫ് ഗ്യാസ്‌ട്രോ എന്ററോളജിയുടെ ദേശീയ സമ്മേളനം ഇരുവിഭാഗങ്ങളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയതോടെ രാജ്യമെമ്പാടുമുള്ള ഗ്യാസ്‌ട്രോ എന്ററോളജി സ്‌പെഷ്യലിസ്റ്റുകളുടെ ശ്രദ്ധ നേടാനായി. 1996-ൽ ഡോ. ആനന്ദകുമാറിന്റെ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി എം.സി.എച്ച് സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി കോഴ്സ് ആരംഭിച്ചത് ആ കുതിപ്പിന് കരുത്തായി. ഡോ. ആനന്ദകുമാറിന്റെ നേതൃത്വത്തിൽ ഡോ. മാത്യു കോശി, ഡോ. ശുഭലാൽ, ഡോ. കുരുവിള, ഡോ. ബോണി എന്നിവർ സ്തുത്യർഹമായ സേവനമാണ് 1990-കളിൽ കാഴ്ചവച്ചത്. ആറു മുതൽ എട്ടു മണിക്കൂർ വരെ എടുക്കുന്ന സങ്കീർണ ശസ്ത്രക്രിയകൾ നിത്യ സംഭവമായതോടെ ചികിത്സാ രംഗത്ത് പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർക്കപ്പെട്ടു. 1998-ൽ താക്കോൽദ്വാര ശസ്ത്രക്രിയ കേരളത്തിലെ സർക്കാർ മേഖലയിൽ ആദ്യമായി ഈ വിഭാഗത്തിൽ ആരംഭിച്ചതും മറ്റൊരു നാഴികക്കല്ലായി.

പുതിയ ബ്ലോക്ക്,​

പുതിയ കാലം 2011-ൽ കർമ്മനിരതനായ പ്രിൻസിപ്പൽ ഡോ. രാംദാസ് പിഷാരടിയുടെ മേൽനോട്ടത്തിൽ കേന്ദ്ര,​ സംസ്ഥാന സംയുക്ത പദ്ധതിയായ പി.എം.എസ്.എസ്.വൈയുടെ ഭാഗമായി പണിതീർത്ത സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഈ വിഭാഗം മാറ്റിയതോടെ സേവനങ്ങൾ ഒന്നു കൂടി മെച്ചപ്പെട്ടു. മോഡുലാർ തിയേറ്റർ,​ അത്യാധുനിക മോണിറ്ററിംഗ് സംവിധാനങ്ങളുള്ള ഐ.സി.യു തുടങ്ങിയവയുടെ വരവോടെ പുതിയകാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും ഈ വിഭാഗം കരുത്താർജ്ജിച്ചു. 2018- 2019 കാലത്ത് ഡോക്ടർ പിഷാരടിയുടെ ആശയമായ അത്യാധുനിക ഐ.സി.യു സംവിധാനങ്ങളോടു കൂടി പണിതീർത്ത മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ പുതിയ ക്രിട്ടിക്കൽ കെയർ ഐ.സി.യു ആരംഭിച്ചതോടെ അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾ പോലും അത്ഭുതകരമായി സുഖം പ്രാപിച്ചു തുടങ്ങി. 1996 മുതൽ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗത്തിൽ എം.സി.എച്ച് കോഴ്സ് പൂർത്തിയാക്കിയ 36 ഡോക്ടർമാരും അതിനു മുമ്പ് ഇവിടെ പരിശീലനം നേടിയവരും ഉൾപ്പെടെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇന്ന് പ്രശസ്തരാണ്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി ഇവർ സേവനമനുഷ്ഠിക്കുന്നു.

ജീവൻരക്ഷയിൽ

നാഴികക്കല്ല് കരൾ, പാൻക്രിയാസ്, ഉദര ഭാഗങ്ങൾ എന്നിവിടങ്ങളിലെ ക്യാൻസർ, ക്യാൻസറിന് സാദ്ധ്യത വർദ്ധിപ്പിക്കുന്ന മുഴകൾ, പിത്തസഞ്ചിയിലെയും പാൻക്രിയാസ് എന്നിവിടങ്ങളിലെയും കല്ലിനുള്ള ശസ്ത്രക്രിയകൾ, കുടലിനെ ബാധിക്കുന്ന മാറാരോഗങ്ങൾഎന്നിവയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയ ഉൾപ്പടെ ഈ വിഭാഗത്തിൽ നടത്തി വരുന്നു. സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ ചെലവു വരുമ്പോൾ ഇവിടെ സർക്കാർ സഹായങ്ങളിൽ കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭിക്കും. അടുത്തകാലത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ വിജയകരമായതോടെ ജീവൻ രക്ഷാരംഗത്ത് സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം പുതിയ നാഴികക്കല്ലുകൾ താണ്ടുകയാണ്. സംസ്ഥാന സർക്കാരിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും അഡ്മിനിസ്‌ട്രേഷൻ വിഭാഗങ്ങളുടേയും പൂർണ പിന്തുണയോടെയാണ് ഓരോ ചുവടും. അത്യാധുനിക ഉപകരണങ്ങളുടെ പരിപാലനത്തിനായി ബയോ മെഡിക്കൽ എൻജിനിയറുടെ സേവനം ഇവിടെയുണ്ട്. നിലവിൽ 25 ഗവേഷണ പ്രബന്ധങ്ങൾ ഈ വിഭാഗത്തിൽ നിന്ന് ദേശീയ- അന്തർദ്ദേശീയ മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ധ്യാപകരും എം.സി.എച്ച് കാൻഡിഡേറ്റ് ഡോക്ടർമാരും ദേശീയ- അന്തർദ്ദേശീയ മെഡിക്കൽ സമ്മേളനങ്ങളിൽ പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റി. മോഡേൺ മെഡിസിനിലെ ഉന്നത ഗവേഷണ പ്രക്രിയയായ റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയൽ പഠനം പാൻക്രിയാസ് സർജറിയെക്കുറിച്ച് ഈ വിഭാഗത്തിൽ നടക്കുന്നു. കൂടാതെ വൻകുടലിലെ ക്യാൻസറുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങളെ സംബന്ധിച്ചുള്ള ഗവേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നു.

(തിരുവനന്തപുരം ഗവ. മെഡി. കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവിയാണ് ലേഖകൻ)​