വാങ്ങിയത് പ്രമുഖ ബ്രാൻഡിന്റെ ഇലക്ട്രിക് സ്കൂട്ടർ, പക്ഷേ; വണ്ടി വിലയും പലിശയും നൽകാൻ വിധി
പാലക്കാട്: വാങ്ങിയതു മുതൽ നിരന്തരം തകരാറ് കാണിച്ച ഇലക്ട്രിക് സ്‌കൂട്ടറിന് വണ്ടി വിലയും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണാർക്കാട് തെങ്കര പാറശേരി പാലംപോട്ടിൽ ഹാരിസ് വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറാണ് പണി മുടക്കി പണിയായത്. 2023 സെപ്തംബർ 30നാണ് ഒല എസ് വൺ മോഡൽ സ്‌കൂട്ടർ 1,17,919 രൂപയ്ക്ക് ഹാരിസ് വാങ്ങിയത്. ഒക്ടോബർ 15 ന് മണ്ണാർക്കാട് കോടതിപ്പടിയിലെ ഷോറൂമിൽ നിന്നും വണ്ടി ഡെലിവറി ചെയ്തു.
വണ്ടി പുറത്തിറക്കി മൂന്നാംദിവസം മുതൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങി. ക്രാഷ് ഗാർഡ്, സൈഡ് സ്റ്റാൻഡ് തുട ങ്ങിയവയെല്ലാം പണം നൽകി മാറ്റേണ്ടി വന്നു. ഓടിക്കൊണ്ടിരിക്കെ വാഹനം തനിയെ ഓഫായതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. വാഹനം ഉപയോഗ ക്ഷമമല്ലെന്ന് കണ്ടിട്ടും സർവീസ് സെന്ററിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതേതുടർന്ന് വണ്ടി വിലയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അഭിഭാഷകൻ എ.വി.അരുൺ മുഖേന ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചു.
വാഹനത്തിന്റെ നിർമ്മാതാക്കളായ ഒല ഇലക്ട്രോണിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെയും കോഴിക്കോട്ടെ സോണൽ ഓഫീസ് മണ്ണാർക്കാട്ടെ ഷോറൂം എന്നിവർക്കെതിരെയാണ് കോടതിയെ സമീപിച്ചത്. കമ്മിഷൻ നിർദേശപ്രകാരം എ.എം.വി.ഐ വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കേസ് പരിഗണിച്ച കമ്മിഷൻ പ്രസിഡന്റ് വി.വിനയ് മേനോനും അംഗമായ എൻ.കെ.കൃഷ്ണൻകുട്ടിയും വാഹന വില 10 ശതമാനം പലിശ സഹിതം തിരിച്ചു നൽകാനും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും വിധിച്ചു. 45 ദിവസത്തിനകം തുക നൽകാത്ത പക്ഷം പ്രതിമാസം 500 രൂപ വീതവും നൽകണം.