സുരക്ഷാ പരിശോധന നടക്കുന്നു, വിമാനങ്ങൾ വൈകാം; യാത്രക്കാർക്ക് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാമെന്ന് എയർ ഇന്ത്യ

Saturday 14 June 2025 4:48 PM IST

ന്യൂഡൽഹി: അഹമ്മദാബാദ് അകാശ ദുരന്തത്തെത്തുടർന്ന് സുരക്ഷാ പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നിർദേശവുമായി എയർ ഇന്ത്യ. വിമാനങ്ങളിൽ സുരക്ഷാ പരിശോധനകൾ നടന്നുവരികയാണെന്നും യാത്രക്കാർക്ക് വേണമെങ്കിൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാമെന്നും റീഫണ്ട് ലഭിക്കുമെന്നും അധികൃതർ എക്‌സിലൂടെ അറിയിച്ചു.

ഇന്ത്യൻ വ്യോമയാന ഏജൻസിയായ ഡി ജി സി എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നിർദ്ദേശിക്കുന്ന ഒറ്റത്തവണ കർശന പരിശോധനകൾ പൂർത്തിയാക്കാനുള്ള പ്രക്രിയയിലാണ് എയർ ഇന്ത്യ. ബോയിംഗ് 787 വിമാനങ്ങളിൽ ഒമ്പത് എണ്ണത്തിൽ എയർ ഇന്ത്യ അത്തരം പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 24 വിമാനങ്ങളിൽ സമയപരിധിക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.'- എയർ ഇന്ത്യ അറിയിച്ചു.

ദീർഘദൂര സർവീസുകളിൽ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കും. സർവീസിൽ എന്തെങ്കിലും കാലതാമസമുണ്ടായാൽ ഉപഭോക്താക്കളെ യഥാസമയം അറിയിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് http://airindia.com/in/en/manage/flight-status.html എന്ന സൈറ്റ് നോക്കണമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് വേണമെങ്കിൽ യാത്ര റദ്ദാക്കാം. റീഫണ്ട് ലഭിക്കും. അല്ലെങ്കിൽ റിഷെഡ്യൂളിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കാം.