കന്യാകുളങ്ങര ആശുപത്രി സ്മാർട്ടാകും
വെമ്പായം: കന്യാകുളങ്ങര ആശുപത്രിയിലിനി പരിമിതികളില്ല. കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടി ഡോക്ടർമാരുടെ അഭാവത്തിന് പരിഹാരമായി. ഇന്നലെ മന്ത്രിയുടെ ചേംബറിൽ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനമായത്.പി.എസ്.സി 4,എൻ.എച്ച്.എം 2,എൽ.എസ്.ജി.ഡി 2 എന്നീ ക്രമത്തിൽ എട്ട് ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്. ലീവിലായിരുന്ന ഡോക്ടർമാർ ഇന്നലെ മുതലെത്തി. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് രണ്ട് ഡോക്ടർമാരെയും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. വരുംദിവസങ്ങളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കും.108 ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ള സ്റ്റാഫുകൾക്ക് സ്റ്റേ സൗകര്യം ഉണ്ടായിരിക്കും.അപകടാവസ്ഥയിൽ ആശുപത്രി പരിസരത്തുള്ള മരങ്ങൾ മുറിച്ചുമാറ്റാനും ധാരണയായി. സ്ഥലപരിമിതി കാരണം ഫാർമസിയും കുത്തിവയ്പ്പ് കേന്ദ്രവും പ്രവർത്തിക്കുന്നത് ഇടുങ്ങിയ സ്ഥലങ്ങളിലാണ്. പരിമിതികൾ ഏറെയുണ്ടെങ്കിലും ഇപ്പോഴും 500ന് മുകളിൽ രോഗികൾ ദിവസേന ഒ.പിയിലെത്തുന്നുണ്ട്.
കേരള കൗമുദി വാർത്തയെ തുടർന്ന് നടപടി
കന്യാകുളങ്ങര ആശുപത്രിയുടെ ശോചനീയാവസ്ഥയെ കുറിച്ച് മേയ് 15ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി. അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടും കന്യാകുളങ്ങര ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു.വെമ്പായം, മാണിക്കൽ പഞ്ചായത്ത് നിവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് കന്യാകുളങ്ങര ആശുപത്രിയെയാണ്. എന്നാൽ ഇവിടെയെത്തുന്ന രോഗികളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്. ഇവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും അടുത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് രോഗികൾ ആശ്രയിക്കാറ്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് 7.5 കോടി
2019ൽ കോവിഡിന് മുമ്പ് ആശുപത്രിയുടെ അവസ്ഥ മനസിലാക്കി അടിസ്ഥാന സൗകര്യ വികസനത്തിനായി 1.5 കോടി രൂപ സർക്കാരിൽ നിന്ന് അനുവദിച്ചിരുന്നു. തുടർന്ന് പുരുഷന്മാരുടെ വാർഡ് പൊളിച്ച് പുതിയ കെട്ടിടത്തിനുള്ള പ്രാരംഭപണികൾ ആരംഭിച്ചു. താഴത്തെ നിലയിൽ ഒ.പി വിഭാഗം, ഒന്നാം നിലയിൽ ലേബർ റൂം ഉൾപ്പെടുന്ന ഗൈനക് വിഭാഗം,രണ്ടാംനിലയിൽ ഐ.സി.യു ഉൾപ്പെടുന്ന സർജറി വിഭാഗം,മൂന്നാം നിലയിൽ ജനറൽ വിഭാഗം എന്നിങ്ങനെ നാലു നിലകളിലായി അത്യാധുനിക നിലവാരത്തിലാണ് ആശുപത്രിനിർമ്മാണം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ തുടങ്ങിയ വേഗതയിൽ തുടർന്നുള്ള പണികൾ മുന്നോട്ടു പോയില്ല.തുടർന്ന് അനുവദിച്ച ഒന്നരക്കോടിക്ക് പുറമെ 6 കോടി രൂപ കൂടി മന്ത്രി ജി.ആർ. അനിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആശുപത്രി നിർമ്മാണത്തിനായി അനുവദിച്ചു.