ഒടുവിൽ തുറന്നുപറ‌ഞ്ഞ് അനിരുദ്ധ്; കാവ്യ മാരനുമായുള്ള വിവാഹ വാർത്തകളിൽ പ്രതികരിച്ച് താരം

Saturday 14 June 2025 7:53 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണെന്ന വാർത്തകളിൽ പ്രതികരിച്ച് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ. തന്റെ എക്സ് പേജിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം. ' വിവാഹമോ? കൂൾ ആയി ഇരിക്കൂ ഗയ്സ്. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക' എന്നാണ് താരം എക്സ് പേജിൽ കുറിച്ചത്.

കാവ്യയും അനിരുദ്ധും പ്രണയത്തിലാണെന്ന വാർത്തകൾ 2024 മുതലാണ് പ്രചരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവർ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനാണ് ഇപ്പോൾ അനിരുദ്ധ് പ്രതികരിച്ചിരിക്കുന്നത്. സണ്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ കലാനിധി മാരന്റെ മകളാണ് 33കാരിയായ കാവ്യ മാരന്‍.

ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നില്‍ക്കുന്ന അനിരുദ്ധ് ഓരോ സിനിമകള്‍ക്കും കോടികളാണു പ്രതിഫലം വാങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ. ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ധനുഷിന്റെ 3 എന്ന ചിത്രത്തിലൂ‌ടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.