മദ്യനയത്തിൽ സർക്കാരിന് എതിരെ ഓർത്തഡോക്സ് സഭ

Sunday 15 June 2025 12:05 AM IST

കോട്ടയം : മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യു തൃതീയൻ കാതോലിക്ക ബാബ. ലഹരിയുടെ കാര്യത്തിൽ സർക്കാർ ബോധവത്ക്കരണം നടത്തിയാൽ മാത്രം പോരെന്നും മുറുക്കാൻ കടപോലെ മദ്യഷോപ്പ് തുറന്നിട്ട് കഴിക്കരുതെന്ന് പറയുന്നതിൽ എന്താണ് അർത്ഥമെന്നും അദ്ദേഹം ചോദിച്ചു. സഭ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഉച്ചകോടി ഡ്രക്സിറ്റിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മദ്യം സുലഭമാക്കുന്ന നയം അപലപനീയമാണ്. ലഹരിയെ ലളിതവത്കരിക്കുന്ന സിനിമകൾ സമൂഹത്തെ നശിപ്പിക്കുന്നു. ലഹരി ഉപയോഗിക്കുന്നവർ പള്ളികളുടെയും സഭയുടെയും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനായി കോട്ടയത്ത് സഭയുടെ 14 ഏക്കർ സ്ഥലത്ത് വെൽനസ് പാർക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഗവർണർ സി. പി രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത , മാർ ജേക്കബ് മുരിക്കൻ, ഡോ. മലയിൽ സാബു കോശി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.