വൈശാഖ മഹോത്സവം; മഴക്കുളിരിൽ പെരുമാളെ വണങ്ങി ആയിരങ്ങൾ
കൊട്ടിയൂർ:മഴയുടെ തിമിർപ്പിലും അണമുറിയാത്ത ഭക്തജനത്തിരക്കിലമർന്ന് കൊട്ടിയൂർ സന്നിധി. പെരുമാളെ കാണാൻ പതിനായിരങ്ങൾ ഇറങ്ങിയപ്പോൾ വലിയ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. അക്കരെ സന്നിധിയിൽ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ ആദ്യത്തേതായ തിരുവോണം നാൾ ആരാധന ഇന്ന് നടക്കും. ആരാധനാ പൂജയുള്ള ദിവസങ്ങളിൽ പൊന്നിൻ ശീവേലിയുണ്ടാകും. ആനകൾക്ക് സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ഉണ്ടാകുമെന്നതാണ് പ്രത്യേകത. ശീവേലിക്ക് അകമ്പടിയായി സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കും. തിരുവോണം ആരാധന മുതൽ ശീവേലിക്ക് വിശേഷ വാദ്യങ്ങളും ആരംഭിക്കും.വൈകുന്നേരം പെരുമാൾക്ക് പാലമൃത് അഭിഷേകവും നടക്കും. മത്തവിലാസം കൂത്തും ഇന്ന് ആരംഭിക്കും.
മഹോത്സവ കാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.ഇന്നലെ പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം ആരംഭിച്ചിരുന്നു.രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയെ പോലും വകവെക്കാതെ കൊട്ടിയൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തിയതോടെ അക്കരെ കൊട്ടിയൂരിൽ തിരുവഞ്ചിറയും പരിസരവും ഭക്തജനങ്ങളാൽ നിറഞ്ഞു. അവധി ദിവസമായതിനാൽ വിവിധ ജില്ലകളിലെയും ഇതര സംസ്ഥാനങ്ങളിലെയും ഭക്തർ കുടുംബസമേതം രാവിലെ തന്നെ കൊട്ടിയൂരിൽ എത്തിച്ചേർന്നിരുന്നു. വാഹനങ്ങൾ ഒഴുകി എത്തിയതോടെ ദേവസ്വം സജ്ജീകരിച്ച പാർക്കിംഗ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു. സമീപത്തെ വീടുകളുടെ മുറ്റങ്ങളും പ്രയോജനപ്പെടുത്തിയിട്ടും പാർക്കിംഗിന് ഇടം കിട്ടാതെ ഭക്തർ വലഞ്ഞതോടെ മാനന്തവാടി ഭാഗത്തു നിന്നും എത്തിച്ചേർന്ന വാഹനങ്ങളുടെ നീണ്ട നിര കൊട്ടിയൂർ മുതൽ അമ്പായത്തോട് വരെയും തലശ്ശേരി ഭാഗത്തു നിന്നും വന്ന വാഹനങ്ങൾ കൊട്ടിയൂരിന് 8 കിലോമീറ്റർ അപ്പുറം മഞ്ഞളാംപുറം വരെയും കുരുക്കിൽ പെട്ടു കിടന്നു.
ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് വലിയ വാഹനങ്ങൾക്ക് കൊട്ടിയൂരിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായെങ്കിലും ഫലപ്രദമായില്ല. വളയഞ്ചാൽ കൊട്ടിയൂർ സമാന്തരപാതയിലൂടെ വാഹനങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കിയതും പൊലീസിന്റെ ഇടപെടലും ഒരു പരിധിവരെ ഭക്തർക്ക് തുണയായി.
ഇന്നലെ രാവിലെ മുതൽ തുടങ്ങിയ മഴയിൽ ഭക്തർ വലഞ്ഞു. വഴിയിലെ ചെളിയും ദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നതും തീർത്ഥാടകർക്ക് ബുദ്ധിമുട്ടായി. തിരക്കേറിയതിനാൽ ദൂരെ നിന്ന് വന്നവരിൽ പലർക്കും തിരുവഞ്ചിറയിൽ പോലും ഇറങ്ങാൻ കഴിയാതെ ദൂരെ നിന്ന് പെരുമാളെ തൊഴുത് മടങ്ങേണ്ടി വന്നു.രാവിലെ മുതൽ കൊട്ടിയൂരിന്റെ സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ കിലോമീറ്ററുകളോളം ദൂരത്തിൽ അനുഭവപ്പെട്ട ഗതാഗത കുരുക്കിന് സന്ധ്യയോടെയാണ് നേരിയ കുറവ് ഉണ്ടായത്.
ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിച്ച് യുവാക്കൾ
കൊട്ടിയൂർ: പിതാവിനൊപ്പം കൊട്ടിയൂരിലെത്തി ബാവലിപ്പുഴയിൽ ഒഴുക്കിൽ പെട്ട കുട്ടിയെ തീർത്ഥാടകരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെടുത്തി.അക്കരെ കൊട്ടിയൂരിൽ ദർശനത്തിന് പോകുന്നതിന് മുമ്പ് ബാവലിപ്പുഴയുടെ തീരത്ത് അച്ഛനോടൊപ്പം കുളിക്കുന്നതിനിടെയാണ് പെൺകുട്ടി ഒഴുക്കിൽ പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കുട്ടി ഒഴുകിപ്പോകുന്നത് കണ്ട അച്ഛന്റെ നിലവിളി കേട്ട് വാഹന പാർക്കിംഗ് ഭാഗത്തുണ്ടായിരുന്ന പിലാത്തറ സ്വദേശികളായ രണ്ട് യുവാക്കളാണ് പുഴയിൽ ചാടി കുട്ടിയെ അത്ഭുതകരമായി രക്ഷപെടുത്തിയത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതിനാൽ പുഴയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. യുവാക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ കുട്ടി രക്ഷപെടുകയായിരുന്നു.