ഇന്റേണൽ ക്ലംപ്ലയിൻസ് കമ്മിറ്റി രൂപീകരിക്കാതെ സ്വകാര്യസ്ഥാപനങ്ങൾ വനിതാ ശിശുവകുപ്പ് നിർദ്ദേശത്തിന് പുല്ലുവില
കണ്ണൂർ: ഇന്റേണൽ ക്ലംപ്ലയിൻസ് കമ്മിറ്റി രൂപീകരിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ പിന്നോട്ട്.ജില്ലയിൽ 1862 സ്വകാര്യസ്ഥാപനങ്ങൾ കമ്മിറ്റി രൂപികരിക്കാൻ വനിതാ ശിശുക്ഷേമ വികസനവകുപ്പിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കമ്മിറ്റി രൂപീകരിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് വീണ്ടും നിർദേശം നൽകിയെങ്കിലും മിക്ക സ്ഥാപനങ്ങളും ഇത് മുഖവിലക്കെടുക്കുന്നില്ല. കാമ്പയിൻ കഴിഞ്ഞതിനാൽ സ്ഥാപനങ്ങളിൽ പരിശോധനയും കുറഞ്ഞിട്ടുണ്ട്.
ഫെബ്രുവരി ,മാർച്ച് മാസത്തിൽ 841 സ്ഥാപനങ്ങളാണ് വനിതാ ശിശുക്ഷേമ വികസനവകുപ്പിന് കീഴിലുള്ള വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തത്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാൻ രൂപീകരിച്ച പോഷ് ആക്ട്-2013 ശക്തമാക്കിയതോടെ വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ഇന്റേണൽ കംപ്ലയിൻസ് കമ്മിറ്റികൾ രൂപീകരിക്കുന്ന കാമ്പയിനും ഊർജിതമാക്കിയിരുന്നു. ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ഫെബ്രുവരിയിലാണ് കാമ്പയിൻ തുടങ്ങിയത്. എന്നാൽ ആദ്യഘട്ടത്തിൽ ചില സ്വകാര്യ സ്ഥാപനങ്ങൾ കമ്മിറ്റി രൂപീകരിച്ചതിൽ ഇത് ഒതുങ്ങി.
പോഷ് ആക്ട് പ്രകാരം പത്തോ അതിലധികമോ ജോലിക്കാരുള്ള ഏതൊരു തൊഴിലുടമയും തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലയിൻസ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ പകുതിയിലധികം തൊഴിലിടങ്ങളിലും ഇത് രൂപികരിച്ചിരുന്നില്ല. ചില സ്ഥാപനങ്ങളിൽ രൂപീകരിച്ച കമ്മിറ്റികൾ നിർജീവവുമാണ്. പരാതി നൽകുന്ന സ്ത്രീകളുടെ ജോലി നഷ്ടപെടുകയോ, തൊഴിലിടങ്ങളിൽ ഒറ്റപ്പെടുകയോ ചെയ്യുന്ന സ്ഥിതിയും പലയിടത്തുമുണ്ട്.ജോലിയിൽ കാര്യക്ഷമതയില്ലെന്ന് വരുത്തിതീർക്കുക, കള്ളകേസുണ്ടാകുക തുടങ്ങി മാനസിക പീഡനങ്ങളും പരാതിക്കാരികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർബന്ധമായും കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശമുണ്ടായത്..
കമ്മറ്റി രൂപീകരിക്കേണ്ടത്
സ്ഥാപനത്തിലെ സീനിയർ വനിതാ ജീവനക്കാരി ചെയർപേഴ്സൺ
പ്രതിബദ്ധരും നിയമ പരിജ്ഞാനമുള്ളവരുമായ ആയ രണ്ടംഗങ്ങൾ
പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള ഒരാൾ കമ്മിറ്റിയിൽ 50 ശതമാനം വനിതാ പ്രാതിനിധ്യം
വനിതാശിശുവികസന വകുപ്പ് ഉത്തരവ്
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (തടയലും നിരോധിക്കലും പരിഹാരവും) ആക്ട് 2013 പ്രകാരം പത്തും അതിൽ കൂടുതലും ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മറ്റി രൂപീകരിക്കണം
പത്തിൽ കുറവ് ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ലഭ്യമാകുന്ന പരാതികൾ ഏഴു ദിവസത്തിനുള്ളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജില്ലാതല ലോക്കൽ കംപ്ലയിന്റ്സ് കമ്മറ്റിക്ക് കൈമാറണം.
ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി രൂപീകരിച്ചിട്ടില്ലാത്ത തൊഴിലിടങ്ങളിൽ അടിയന്തിരമായി കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡ് അതത് സ്ഥാപനങ്ങൾക്കു മുൻപിൽ പ്രദർശിപ്പിക്കണം.
വീഴ്ച വരുത്തുന്ന തൊഴിൽ മേധാവിക്കെതിരെ 50000 രൂപ വരെ പിഴ ഈടാക്കാം.