എസ്റ്റിമേറ്റിന്റെ പത്തു ശതമാനം വൈദ്യുതീകരണത്തിനെന്ന് ചട്ടം; ഉദ്ഘാടനശേഷം പുതിയ എസ്റ്റിമേറ്റ് പതിവ്

Saturday 14 June 2025 9:27 PM IST

കാസർകോട്: പൊതുമരാമത്ത് ടെൻഡർ വിളിച്ചു നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ എസ്റ്റിമേറ്റിന്റെ 10 ശതമാനം വൈദ്യുതീകരണം നടത്തുന്നതിന് മാറ്റിവെക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നതാണ് ഭൂരിഭാഗം പ്രവൃത്തികളുടെയും സ്ഥിതി. അനുവദിക്കുന്ന ഫണ്ട് മുഴുവൻ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ കെട്ടിടം പണിയുമ്പോൾ വൈദ്യുതീകരണ ജോലികളുടെ ബാദ്ധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. സ്കൂളുകൾക്കായി നിർമ്മിച്ചുനൽകിയ പല കെട്ടിടങ്ങളിലും വൈദ്യുതികരണം പൂർത്തിയാകാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്.

പലയിടത്തും വൈദ്യുതീകരണം നടത്താതെ കരാറുകാരൻ കെട്ടിടം പണി പൂർത്തിയാക്കി കൈമാറുന്നതാണ് ഇപ്പോഴത്തെ പതിവ്. കെട്ടിടത്തിന്റെ ചുമരുകൾ ഒരുക്കി കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പും പൈപ്പുകൾ സ്ഥാപിച്ചു വയറിംഗ് നടത്തേണ്ടതുണ്ട്.കെട്ടിടം ഉദ്‌ഘാടനം ചെയ്ത ശേഷമാണ് ഇലക്ട്രിക്കൽ എൻജിനിയർ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രത്യേകം ടെൻഡർ വിളിച്ചുനൽകുകയെന്ന അശാസ്ത്രീയ സമീപനമാണ് സ്കൂൾ കെട്ടിടങ്ങൾക്ക് അടക്കം തിരിച്ചടിയാകുന്നത്. പൊതുമരാമത്തിന് കീഴിലുള്ള ഇലക്ട്രിക്കൽ വിഭാഗത്തിനാണ് വൈദ്യുതീകരണ ചുമതല. ടെൻ‌ഡർ നടപടികൾ നീണ്ടുപോയാൽ വൈദ്യുതീകരണം ഏറെ വൈകും.അതുമാത്രമല്ല പുതിയ കെട്ടിടത്തിന്റെ ചുമരുകൾ കുത്തിപൊളിക്കേണ്ടിയും വരുന്നു.

പഴി കേൾക്കുന്നത് എം.എൽ.എമാർ

സ്കൂൾ കെട്ടിടങ്ങൾക്ക് കെട്ടിടം പണിയാൻ ഫണ്ട് നൽകുന്ന എം.എൽ.എ മാരാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ കാണിക്കുന്ന അലംഭാവത്തിന് പഴി കേൾക്കേണ്ടിവരുന്നത്. പി.ടി.എ കമ്മിറ്റികളുടെയും രക്ഷിതാക്കളുടെയും സ്ഥലത്തെ പാർട്ടി കമ്മിറ്റികളുടെയും ഒക്കെ അഭ്യർത്ഥന പ്രകാരമാണ് എം.എൽ.എമാർ ഫണ്ട് പാസാക്കി നൽകുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ഉദ്‌ഘാടനം നടത്തുന്നതുമെല്ലാം പൊതുമരാമത്ത് വകുപ്പ് അധികൃതരാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉത്തരം പറയേണ്ട നിസഹായവസ്ഥയാണ് എം.എൽ.എമാരിൽ പലർക്കും.