മേഖലയിൽ കാട്ടാന, ജാഗ്രതാ നിർദേശം

Sunday 15 June 2025 12:00 AM IST

ചേലക്കര: എളനാട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനപാലകരും അറിയിച്ചു. ജനങ്ങൾ അസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. കഴിഞ്ഞ ദിവസം എളനാട് നീളം പള്ളിയാൽ കരുമാം കുഴിഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ മാസം തിരുമണി ഭാഗത്തും കാട്ടാന എത്തിയിരുന്നു. കൂടാതെ പുലി ഇറങ്ങി നായകളെ ആക്രമിച്ചിരുന്നു. കുതിരാൻ തുരങ്കത്തിന് മുകളിലൂടെയാണ് ആനകൾ ഇവിടേക്ക് എത്തുന്നത്. പ്രദേശത്തെ സോളാർ ഫെൻസിംഗ് നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. രാത്രിയിൽ പൊലീസ് പട്രോളിഗ് നടത്തുന്നതിനൊപ്പം വനപാലകർക്കൊപ്പം ആർ.ആർ.ടി അംഗങ്ങളും നിരീക്ഷണത്തിനായി രംഗത്തുണ്ട്. കുറച്ചു ദിവസമായി സ്ഥിരമായി കാട്ടാന ഇറങ്ങുന്ന തോന്നൂർക്കര-തോട്ടേക്കോട് - ഏമൂക്കാവ് പ്രദേശത്തുള്ള ജനങ്ങളും ആശങ്കയിലാണ്.