വേമ്പനാട് കായലിൽ മല്ലികക്ക വാരലും കടത്തും വ്യാപകം

Sunday 15 June 2025 1:06 AM IST

ആലപ്പുഴ: വേമ്പനാട് കായലിൽ മല്ലികക്ക (ചെറിയ കക്ക) കടത്ത് വ്യാപകമായതോടെ തൊഴിലാളികളും കക്ക വ്യവസായ സഹകരണ സംഘങ്ങളും പ്രതിസന്ധിയിൽ. ദിവസങ്ങൾ മാത്രം പ്രായമുള്ള കക്ക വാരി കടത്തുന്നത് ഭാവിയിൽ കക്ക ഉത്പാദനത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

മല്ലികക്ക വാരൽ സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ അനധികൃതമായി വാരുന്നത് വ്യാപകമാണ്. മുൻ വർഷങ്ങളിൽ മല്ലികക്ക കടത്തിയ വള്ളങ്ങളടക്കം പിടികൂടിയിരുന്നു. വേമ്പനാട് കായലിൽ തണ്ണീർമുക്കം ബണ്ടിന് വടക്കുഭാഗത്തായാണ് കക്ക കൂടുതലായുള്ളത്. ഈ ഭാഗമാണ് കക്കയുടെ പ്രത്യുത്പാദനത്തിനും വളർച്ചയ്ക്കും അനുയോജ്യവും. തണ്ണീർമുക്കം മുതൽ പെരുമ്പളം വരെയുള്ള ഭാഗത്ത് കക്ക സുലഭമാണ്. കക്കയുടെ പ്രത്യുത്പാദനത്തിന് ഓര് വെള്ളവും വളർച്ചയ്ക്ക് ശുദ്ധജലവും വേണം. ഈ രണ്ട് സാഹചര്യവും കൃത്യമായി ഈ ഭാഗത്ത് ലഭിക്കും.രാജ്യത്ത് കറുത്ത കക്കയുടെ 82 ശതമാനവും ലഭിക്കുന്നത്‌ വേമ്പനാട് കായലിൽ നിന്നാണ്. ഭക്ഷണം, കുമ്മായം എന്നിവയ്ക്കാണ് കക്ക ഉപയോഗിക്കുന്നത്.

താറാവ് തീറ്റയ്ക്കായി

 വേമ്പനാട് കായലിൽ നിന്ന് മല്ലി കക്ക വാരുന്നത് താറാവ് തീറ്റയ്ക്കും മത്സ്യ തീറ്റയ്ക്കുമായാണ്

 മുട്ടയ്ക്ക് ഗുണകരമാകുമെന്നതിനാലാണ് കക്ക കൂടുതലായി താറാവിന് നൽകുന്നത്

 മലിനീകരണം വലിയ രീതിയിൽ ബാധിക്കുന്ന ജീവികൂടിയാണ് കക്കകൾ

 അതിനാൽ കക്ക സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകേണ്ടതാണെന്ന് വിദഗദ്ധർ

വേമ്പനാട് കായലിൽ കക്ക ഉത്പാദനം (ശരാശരി) 1970 മുതൽ 2005 വരെ പ്രതിവർഷം : 30,000 -35,000 ടൺ

2020ൽ : 40,000-45,000 ടൺ

രാജ്യത്ത് ഏറ്റവും കൂടുതൽ കക്ക ലഭിക്കുന്നത് വേമ്പനാട് കായലിൽ നിന്നാണ്. രാത്രികാലങ്ങളിലാണ് മല്ലി കക്ക വ്യാപകമായി പിടിക്കുന്നത്. ഇത് കർശനമായി നിയന്ത്രിക്കണം.

ഡോ. കെ.ജി.പദ്മകുമാർ

ഡയറക്ടർ

കായൽ ഗവേഷണ കേന്ദ്രം