പുറക്കാട് തീരത്ത് തിമിംഗലത്തിന്റെ ജഡം അടിഞ്ഞു
അമ്പലപ്പുഴ : പുറക്കാട് പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. കടൽഭിത്തിയുടെ കരിങ്കല്ലുകൾക്ക് അടിയിലേക്ക് അടിച്ചു കയറിയതിനാൽ തിമിംഗലത്തെ തോട്ടപ്പള്ളിയിലേക്കു മാറ്റാനുള്ള ശ്രമം വിജയിച്ചില്ല. വിവരം അറിഞ്ഞ് കോസ്റ്റൽ പൊലീസ്, ഫോറസ്റ്റ്, ഫിഷറീസ്, റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തി. ഫിഷറീസ് വകുപ്പിന്റെ രണ്ട് ഫൈബർ വള്ളങ്ങൾ ഉപയോഗിച്ച് തിമിംഗലത്തെ കടലിലേക്ക് നീക്കി തോട്ടപ്പള്ളിയിൽ എത്തിച്ച് പോസ്റ്റുമാർട്ടം നടത്താനായിരുന്നു തീരുമാനം.എന്നാൽ കല്ലിനടിയിലേക്ക് ശക്തിയായി അടിച്ചു കയറിയതിനാൽ തിമിംഗലത്തെ പുറത്തേക്കിറക്കാൻ ആയില്ല.ഇന്നലെ ഉച്ചയ്ക്ക് 12 മണി മണിയോടെ കടലിൽ എന്തോ ഒഴുകി വരുന്നത് മത്സ്യതൊഴിലാളികൾ കണ്ടിരുന്നു. കണ്ടെയിനർ ആണെന്നാണ് ആദ്യം കരുതിയത്. അതേ സമയം തന്നെ ഫിഷറീസ് വകുപ്പിനെ വിവരം അറിയിച്ചിരുന്നു.വിവരം അറിഞ്ഞ ഉടൻ ഫിഷറീസിന്റെ ബോട്ട് എത്തിച്ചിരുന്നെങ്കിൽ പ്രയാസപ്പെടാതെ തിമിംഗലത്തെ മാറ്റാനാകുമായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. 20 മീറ്ററോളം നീളമുള്ളതാണ് തിമിംഗലം. പോസ്റ്റുമാർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ.