അമേരിക്കയുമായി ആണവചർച്ചയ്ക്കില്ല, ഇസ്രയേലിനെതിരെ തിരിച്ചടി തുടരുമെന്ന് ഇറാൻ
ടെഹ്റാൻ : ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി ആണവ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. അമേരിക്കയുമായി ആണവ ചർച്ചകൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്‌ചി അറിയിച്ചു. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസുമായുള്ള ചർച്ചയിലാണ് അരാഖ്ചി നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിന് എതിരെ തിരിച്ചടി തുടരുമെന്നും ഇസ്രയേൽ നടത്തുന്ന ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാൻ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ ആരോപിച്ചു.
ചർച്ച തകർന്നാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യു.എസുമായുള്ള ആണവ ചർച്ചയുടെ ആറാം റൗണ്ട് നാളെ മസ്‌ക്കറ്റിൽ നടക്കേണ്ടതാണ്. ഇറാൻ പ്രതിനിധികൾ പങ്കെടുക്കില്ലെന്നാണ് സൂചന. ശത്രുവിന്റെ ആക്രമണത്തെ ചെറുക്കുന്നതിലാണ് തങ്ങൾക്ക് ഇപ്പോൾ ശ്രദ്ധയെന്നാണ് ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇറാൻ വക്താവ് പ്രതികരിച്ചത്.
അതേസമയം ഇസ്രയേലിന്റെ എഫ് 35 യുദ്ധ വിമാനം വീഴ്ത്തിയെന്നും പൈലറ്റ് പിടിയിലായെന്നും ഇറാൻ അവകാശപ്പെട്ടു നേരത്തെ രണ്ട് യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് ഇറാൻ പറഞ്ഞിരുന്നു.