മദ്ധ്യപ്രദേശിൽ മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് മാവോയിസ്റ്റുകളെ വധിച്ചു; ആയുധങ്ങൾ കണ്ടെടുത്തു

Saturday 14 June 2025 10:39 PM IST

ബാലാഘട്ട്: മദ്ധ്യപ്രദേശിലെ ബാലാഘട്ടിൽ നാല് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ട്. വനമേഖലയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്നും പൊലീസ് അറിയിച്ചു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഹോക്ക്ഫോഴ്സ്,​ ജില്ലാ പൊലീസ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്)​ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസറ്റുകളെ വധിച്ചത്. പച്മദാർ,​ കതേജിരിയ എന്നീ വനപ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞ ഏപ്രിലിൽ മദ്ധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ചിരുന്നു. മംമ്‌ത, പ്രമീള എന്നിവരാണ് മരിച്ചത്. ഇരുവരും ഛത്തീസ്‌ഗഡ് സ്വദേശികളാണ്. ബിച്ചിയ പൊലീസ് സ്റ്റേഷൻ പരിധിക്ക് സമീപത്തുള്ള കാടിനകത്താണ് ഏറ്റുമുട്ടൽ നടന്നത്. മദ്ധ്യപ്രദേശ്, ഛത്തീസ‌്‌‌ഗഡ് സംസ്ഥാനങ്ങളിലെ ബാലഘട്ട്, മാണ്ട്‌ല, കവാർധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു മംമ്‌തയുടെയും പ്രമീളയുടെയും പ്രവർത്തനം. ഓപ്പറേഷനിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തോളമായി പൊലീസിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് മേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.

അതേസമയം,​ മേയിൽ ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. കഴിഞ്ഞവർഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് ഛത്തീസ്‌ഗഡിൽ വധിച്ചത്. 2023ൽ 22 പേരെയും 2022ൽ 30 പേരെയുമാണ് സുരക്ഷാസേന വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കൊല്ലം രാജ്യത്തുടനീളം നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 100ൽ അധികം പേരെയാണ് വധിച്ചത്. 104 പേർ അറസ്റ്റിലാവുകയും 164 പേർ കീഴടങ്ങുകയും ചെയ്തു.