നാശം വിതച്ച് ഇറാൻ തിരിച്ചടി, ആവർത്തിച്ചാൽ കത്തിക്കുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേലിന്റെ അതിശക്ത പ്രഹരത്തിൽ പകച്ചുപോയെങ്കിലും ബാലിസ്റ്റിക് മിസൈലാക്രമണത്തിലൂടെ തിരിച്ചടിച്ച് ഇറാൻ. ടെൽ അവീവിലും ജറുസലേമിലും ജനവാസ മേഖലയിൽ മിസൈലുകൾ വീണു. കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു.
ഇന്നലെ പുലർച്ചെ ടെഹ്റാനിലെ മെഹ്‌റാബാദ് എയർപോർട്ടടക്കം തകർത്ത് ഇസ്രയേലും തിരിച്ചടിച്ചു. ഒരുതവണ കൂടി മിസൈൽ പതിച്ചാൽ ഇറാനെ കത്തിച്ചു കളയുമെന്ന് ഭീഷണിയും മുഴക്കി. സംഘർഷം സമ്പൂർണ യുദ്ധത്തിലേക്കു നീങ്ങുമോയെന്ന ആശങ്കയിലാണ് ലോകം.
'ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 " എന്ന പേരിൽ വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമാണ് ഇറാൻ ആക്രമണം നടത്തിയത്. മിസൈലുകളിൽ ഭൂരിപക്ഷവും ഇസ്രയേലിന്റെ അയൺടോം വ്യോമപ്രതിരോധ സംവിധാനം തകർത്തെങ്കിലും ചിലത് ജനവാസ മേഖലയിൽ പതിച്ചു. ടെൽ അവീവിലാണ് മൂന്ന് പേർ മരിച്ചത്.
ഇറാന്റെ ആക്രമണം മുൻകൂട്ടി കണ്ട് ജനങ്ങളെ ഷെൽട്ടറുകളിലേക്ക് മാറ്റിയതിനാൽ ആൾനാശം കുറയ്ക്കാനായി. പല ആശുപത്രി വാർഡുകളും ഭൂഗർഭ പാർക്കിംഗ് ഏരിയകളിലേക്കു മാറ്റി.
ഇസ്രയേലിന്റെ എഫ്-35 വിമാനം വെടിവച്ചു വീഴ്ത്തി വനിതാ പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന് ഇറാൻ ആവർത്തിച്ചെങ്കിലും ഇസ്രയേൽ നിഷേധിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 'ഓപ്പറേഷൻ റൈസിംഗ് ലയൺ " എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. സൈനിക മേധാവി മുഹമ്മദ് ബാഗേരിയും റെവല്യൂഷണറി ഗാർഡ് തലവൻ ഹുസൈൻ സലാമിയും അടക്കം 20 കമാൻഡർമാരെയും ഒമ്പത് ആണവശാസ്ത്രജ്ഞരെയും ഇസ്രയേൽ വകവരുത്തി. സ്ത്രീകളും കുട്ടികളുമടക്കം 78 പേർ ഇറാനിൽ കൊല്ലപ്പെട്ടു.
ട്രൂ പ്രോമിസ് - 3
2024 ഏപ്രിലും ഒക്ടോബറിലും ഇസ്രയേലിനെതിരെ നടത്തിയ ആക്രമണ പരമ്പരകളുടെ തുടർച്ച
രണ്ട് ഘട്ടങ്ങൾ: വെള്ളി രാത്രി 9.10നും ശനി പുലർച്ചെ ഒന്നിനും (ഇസ്രയേൽ സമയം)
150ലേറെ ലക്ഷ്യസ്ഥാനങ്ങൾ, 200 ബാലിസ്റ്റിക് മിസൈലുകൾ
ഉപയോഗിച്ച മിസൈൽ: 1,500 കിലോമീറ്റർ പ്രഹരപരിധിയുള്ള ഫത്താഹ്, ഹാജ് ഖാസിം
അയൺഡോമിനെ വെട്ടിച്ചത് 1,550 കിലോമീറ്റർ പ്രഹരപരിധിയുള്ള ഖൈബർഷെകാനോ
ഇറാൻ ലക്ഷ്യമിട്ടെങ്കിലും
ഇസ്രയേൽ തകർത്തു
നെവാതിം, ഒവ്ഡ, ടെൽ നോഫ് സൈനിക ബേസുകൾ. മദ്ധ്യ ഇസ്രയേലിലെ കമാൻഡ് സെന്ററുകൾ. ഇലക്ട്രോണിക് ഇന്റലിജൻസ് കേന്ദ്രങ്ങൾ. ടെൽ അവീവിലെ ആയുധ നിർമ്മാണ/സംഭരണ സംവിധാനങ്ങൾ ഇറാൻ ലക്ഷ്യമിട്ടു. പക്ഷേ, ഇസ്രയേൽ പ്രതിരോധ സംവിധാനം മിസൈലുകളെ ചാരമാക്കി.
യു.എസിനും യു.കെയ്ക്കും
ഫ്രാൻസിനും മുന്നറിയിപ്പ്
ഇസ്രയേലിനെ സഹായിച്ചാൽ മിഡിൽ ഈസ്റ്റിലെ സൈനിക ബേസുകൾ ആക്രമിക്കുമെന്ന് യു.എസ്, യു.കെ, ഫ്രാൻസ് എന്നിവയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിലേക്ക് പാഞ്ഞ ചില മിസൈലുകളെ യു.എസ് വെടിവച്ചിട്ടിരുന്നു.
െെസനിക ശേഷി
ഇസ്രയേൽ ജനസംഖ്യ : 90 ലക്ഷം സൈനികർ (ആക്ടീവ് ) : 1,70,000 റിസേർവ് : 4,65,000 വിമാനം : 611 ഹെലികോപ്റ്റർ : 147 ടാങ്ക് :1,300 കവചിത വാഹനം: 35,985 അന്തർവാഹിനി : 5 ആണവായുധങ്ങൾ : 90 വ്യോമപ്രതിരോധ സംവിധാനങ്ങൾ - അയൺ ഡോം, ഡേവിഡ്സ് സ്ലിങ്ങ്, ആരോ
ഇറാൻ ജനസംഖ്യ : 8.8 കോടി സൈനികർ (ആക്ടീവ് ): 6,10,000 റിസേർവ് : 3,50,000 വിമാനം : 551 ഹെലികോപ്റ്റർ : 128 ടാങ്ക് : 1,713 കവചിത വാഹനം : 65,825 അന്തർവാഹിനി : 25 വ്യോമപ്രതിരോധം : ബേവർ 373, എസ് - 300, ഖൊർദാദ് ( ആണവായുധം നിർമ്മിക്കുന്നെന്ന് ഇസ്രയേലും യു.എസും)