അടുക്കളയിൽ ഗ്യാസ് പെട്ടെന്ന് തീർന്നോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗം തീരില്ല
ഗ്യാസ് സിലിണ്ടർ ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. തീവില കൊടുത്ത് വാങ്ങുന്ന സിലിണ്ടർ പക്ഷേ വളരെ പെട്ടെന്ന് കാലിയാകുന്നുവെന്ന പരാതിയുണ്ട് വീട്ടമ്മമാർക്ക്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഗ്യാസ് സിലിണ്ടർ കുറച്ച് കൂടി അധികം ഉപയോഗിക്കാൻ കഴിയും. അതിനായി പ്രയോഗിക്കേണ്ടത് വെറും സിമ്പിളായ ഒരു ട്രിക്ക് മാത്രമാണ്. കരുതലോടെ ഉപയോഗിക്കാത്തതാണ് ഗ്യാസ് സിലിണ്ടർ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയാതെ പെട്ടെന്ന് കാലിയാകുന്നതിന് പിന്നിലെന്നത് പലർക്കും അറിയില്ല.
പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രം വളരെ പ്രധാനമാണ്. സ്റ്റൗവിന്റെ ബർണറിന്റെ മുഴുവൻ നാളവും മൂടുന്ന രീതിയിലുള്ള പാത്രം വേണം ഉപയോഗിക്കാൻ. പാത്രത്തിന്റെ മുഴുവൻ ഭാഗത്തും തീ എത്തുന്നില്ലെങ്കിൽ അത് ഗ്യാസ് പെട്ടെന്ന് തീരുന്നതിന് കാരണമാകും. അതോടൊപ്പെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അടുപ്പിലെ തീയുടെ അളവ്. ഒരിക്കലും തീ പരമാവധി കൂട്ടി വയ്ക്കാതിരിക്കുന്നതാണ് നല്ലത്. തീ കൂട്ടി വയ്ക്കുന്നത് പെട്ടെന്ന് ഗ്യാസ് തീരുന്നതിനുള്ള ഒരു കാരണമാണ്.
ഗ്യാസിലെ തീ കത്തുന്നത് നീല നിറത്തിലാണോയെന്നും ഉറപ്പുവരുത്തണം. തീ കത്തുന്നത് നീല നിറത്തിലല്ലെങ്കിൽ ഗ്യാസ് പാഴായി പോകുന്നുവെന്നാണ് അർത്ഥം. തീയുടെ നിറം മഞ്ഞ, ചുവപ്പ്, ഓരഞ്ച് എന്നിവയിൽ ഏതെങ്കിലുമാണെങ്കിൽ ബർണർ വൃത്തിയാക്കണം, വെള്ളത്തിൽ കുതിർത്ത് വച്ച് വൃത്തിയാക്കുന്നതാണ് ഉത്തമം. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബർണർ മാറ്റുന്നതാണ് നല്ലത്. അതോടൊപ്പം തന്നെ ഗ്യാസ് പൈപ്പ് പഴയതാണെങ്കിൽ അത് മാറ്റുന്നതും പരിഗണിക്കാവുന്നതാണ്.
പച്ചക്കറിയായാലും മാംസമായാലും പാകം ചെയ്യാൻ ചെറിയ കഷ്ണങ്ങളാക്കി ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗ്യാസ് ഉപയോഗം കുറയ്ക്കുകയും ഒപ്പം ഭക്ഷണത്തിന് സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യും.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ഉപയോഗം നിയന്ത്രിക്കാനും ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാകുകയും ചെയ്യും. പ്രഷർ കുക്കറിലെ പാചകവും ഗ്യാസ് ലാഭിക്കാൻ സഹായിക്കും. ഒപ്പം അമിതമായി വെള്ളം ഒഴിച്ച് ഒരുപാട് നേരം പാകം ചെയ്യുന്നത് ഒഴിവാക്കുന്നതും പരീക്ഷിക്കാവുന്നതാണ്.