ദേവാലയത്തിലെ മോഷണം: വിശ്വാസികൾ കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
Sunday 15 June 2025 1:27 AM IST
കാട്ടാക്കട:ദേവാലയത്തിലെ മോഷണത്തിനിടെ കള്ളനെ കൈയോടെ പിടികൂടി വിശ്വാസികൾ പൊലീസിൽ ഏൽപ്പിച്ചു.കുറ്റിച്ചൽ തച്ചൻകോട് വിശുദ്ധ യോവാക്കീം ദേവാലയത്തിൽ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.ദേവാലയ പരിസരത്ത് അപരിചിതനായ ആളെ കണ്ട് വിശ്വാസികൾ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് മോഷണമാണെന്ന് കണ്ടെത്തിയത്.ഇയാളുടെ പക്കൽ നിന്നും നാണയത്തുട്ടുകളും നോട്ടുകളും കണ്ടെത്തി.തുടർന്ന് നടത്തിയ പരിശോധനയിൽ കാണിക്ക വഞ്ചി പൊട്ടിച്ച നിലയിലും കണ്ടെത്തിയതോടെയാണ് ഇയാളെ നെയ്യാർ ഡാം പൊലീസിന് കൈമാറിയത്.മുമ്പ് കുറ്റിച്ചൽ ആർ.കെ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് വന്ന കുട്ടിയെ മിഠായി കാണിച്ച് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് ഇയാളെ പിടിച്ചുവച്ച് പൊലീസിന് കൈമാറിയിരുന്നു.തമിഴ്നാട് സ്വദേശിയായ ഇയാൾ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലാണ്.