മലാപ്പറമ്പ് പെൺവാണിഭം; പൊലീസുകാരന്റെ പാസ്പോർട്ട് പിടിച്ചെടുത്തു
Sunday 15 June 2025 12:56 AM IST
കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ പൊലീസുകാരിലൊരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തു. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സി.പി.ഒ ഷൈജിത്തിന്റെ പാസ്പോർട്ടാണ് നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് കണ്ടെത്തിയത്. പ്രതി ചേർക്കപ്പെട്ട മറ്റൊരു പൊലീസുകാരൻ കുന്ദമംഗലം പടനിലം സ്വദേശി സി.പി.ഒ സനിത്തിന് പാസ്പോർട്ടില്ലെന്നും സ്ഥാപന നടത്തിപ്പുകാരിൽ ഒരാളായ അമനീഷ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കുമെന്നും ഇൻസ്പെക്ടർ എൻ.പ്രജീഷ് പറഞ്ഞു. കേസിൽ പ്രതികളായ രണ്ടു പൊലീസുകാരും ഒളിവിലാണ്. ഇരുവരെയും കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരുന്നു.