അഹമ്മദാബാദ് വിമാനദുരന്തം ഹൃദയഭേദക; കാഴ്ചകളിൽ ഞെട്ടൽ മാറാതെ മലയാളി ഡോക്ടർ

Sunday 15 June 2025 12:50 AM IST

ആലപ്പുഴ: കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ, നിലയ്ക്കാത്ത നിലവിളികൾ... അഹമ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളേജിലെ ഹൃദയഭേദകമായ നിമിഷങ്ങൾ ഡോ.പ്രണവ് മേനോന്റെ കണ്ണുകളിൽനിന്നു മായുന്നില്ല. അവിടെ മൂന്നാംവർഷ പി.ജി വിദ്യാർത്ഥിയാണ് മലയാളിയായ പ്രണവ്. വിമാനാപകടത്തെ തുടർന്ന് ആശുപത്രിയിൽ വിളിച്ചുചേർത്ത മെഡിക്കൽ സംഘത്തിലെ ഡോക്ടറായിരുന്നു പ്രണവ്. മലപ്പുറം തിരുനാവായ സ്വദേശിയാണ്.

ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ആംബുലൻസുകൾ കോളേജിലേക്ക് പായുന്നതും ക്യാമ്പസിൽ നിന്ന് പുക ഉയരുന്നതും കണ്ടത്. തീപിടിത്തമെന്നാണ് ആദ്യം കരുതിയത്. സുഹൃത്ത് വിളിച്ചപ്പോഴാണ് വിമാനം ഇടിച്ചിറങ്ങിയതാണെന്നറിഞ്ഞത്. അതിനിടെ അദ്ധ്യാപകന്റെ നി‌ർദ്ദേശപ്രകാരം അത്യാഹിത വിഭാഗത്തിലെത്തി.

കൈയും കാലും ഉടലും അടക്കമുള്ള ശരീരഭാഗങ്ങൾ മാത്രമാണ് അവിടെ എത്തിച്ചുകൊണ്ടിരുന്നത്. എല്ലാം കത്തിക്കരിഞ്ഞവ. ഒന്നോ രണ്ടോ ആളൊഴിക ജീവനുള്ളവർ ആരുമില്ല. നാലു മണിക്കൂറാണ് പ്രണവ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡി.എൻ.എ പരിശോധനയ്ക്കെത്തുന്ന ബന്ധുക്കളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ് ഇപ്പോൾ എവിടെയും കാണുന്നതെന്നും പ്രണവ് പറഞ്ഞു.

ആശങ്കയോടെ ബന്ധുക്കൾ

അപകട സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളെയും ജീവനക്കാരെയും തിരക്കി ബന്ധുക്കൾ ഇപ്പോഴും എത്തുന്നുണ്ട്. 'ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല, വിവരങ്ങൾ അറിയാൻ കഴിയുന്നില്ല." എന്നു പറഞ്ഞാണ് പലരുമെത്തുന്നത്. വിദ്യാർത്ഥികളുടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

ഹോസ്റ്റൽ തകർന്നതിനാൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾ പലരും വീട്ടിലേക്കു പോയി. കുറച്ചുപേരെ പി.ജി ഹോസ്റ്റലിലേക്കു മാറ്റി.