ഒരു മൃതദേഹം കൂടി കണ്ടെടുത്തു, ഡി.എൻ.എ പരിശോധന തുടരുന്നു
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യാ വിമാനത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് ഒരു മൃതദേഹം കൂടി ഇന്നലെ കണ്ടെടുത്തു. ഹോസ്റ്റൽ പരിസരത്തു നിന്ന് ഇതുവരെ 21 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതിൽ ഒമ്പതുപേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാർത്ഥികളിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു.
വിമാനത്തിന്റെ വാൽഭാഗത്തു നിന്ന് കണ്ടെടുത്ത മൃതദേഹം എയർഹോസ്റ്റസിന്റേതാണെന്നാണ് സൂചന. അപകടത്തിൽ 229 യാത്രക്കാരും 12 ജീവനക്കാരും ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്നവരും അടക്കം 274 പേർ മരിച്ചെന്നാണ് വിവരം. കാണാതായ സമീപവാസികൾക്കായുള്ള തെരച്ചിൽ തുടരുന്നുണ്ട്.
ഇന്നലെ വരെ 11 മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു. മൂന്നു മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഭാര്യ അഞ്ജലിയും മകൾ രാധികയും അഹമ്മദാബാദിലുണ്ട്.
രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
തിരുവല്ല സ്വദേശി രഞ്ജിത നായരുടെ സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദിലെത്തി. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് ഡി.എൻ.എ സാമ്പിൾ നൽകി.
വിമാനത്തിന്റെ വാൽഭാഗം നീക്കി
അപകടത്തിൽപ്പെട്ട എയർഇന്ത്യാ വിമാനത്തിന്റെ വേർപെട്ട വാൽഭാഗം ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് താഴെയിറക്കി. എൻ.എസ്.ജി, എൻ.ഡി.ആർ.എഫ്, വ്യോമസേന, ഫോറൻസിക്, ഫയർ റെസ്‌ക്യൂ ഫോഴ്‌സ്, എ.എ.ഐ.ബി, ഡി.ജി.സി.എ, സി.ഐ.എസ്.എഫ് ടീമുകൾ ഹോസ്റ്റലിന്റെ മേൽക്കൂരയിൽ വിമാന അവശിഷ്ടങ്ങൾ പരിശോധിച്ചിരുന്നു.
മരിച്ച യാത്രക്കാർക്ക് 25 ലക്ഷം രൂപ
വിമാനാപകടത്തിൽ മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് എയർഇന്ത്യ 25 ലക്ഷം രൂപ വീതം ഇടക്കാല സഹായം പ്രഖ്യാപിച്ചു. ടാറ്റ സൺസ് നേരത്തെ പ്രഖ്യാപിച്ച ഒരുകോടി രൂപയ്‌ക്ക് പുറമെയാണിത്.
മുൻ സൂചനകൾ ലഭിച്ചില്ല:
സിവിൽ വ്യോമയാന സെക്രട്ടറി
എയർഇന്ത്യാ എ.ഐ 171 വിമാനം അപകടദിവസം പാരീസ്- ഡൽഹി- അഹമ്മദാബാദ് റൂട്ടിൽ സുരക്ഷിതമായാണ് യാത്ര പൂർത്തിയാക്കിയതെന്നും ഒരു സാങ്കേതിക തകരാറും ശ്രദ്ധയിൽപ്പെട്ടില്ലെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി സമീർ കുമാർ സിൻഹ പറഞ്ഞു.