വിമാനദുരന്തം: ഡി.എൻ.എ ഫലം പ്രതിസന്ധിയിൽ കാരണം ഇന്ധനം കത്തിയ കഠിനതാപം

Sunday 15 June 2025 1:00 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇരയായവരുടെ ഡി.എൻ.എ ഫലം കണ്ടെത്തുന്നത് പ്രതിസന്ധിയിൽ. വിമാന ഇന്ധനം എരിഞ്ഞതിനെ തുടർന്നുള്ള ഉയർന്ന താപനിലയിൽ കത്തിയമർന്ന മൃതദേഹങ്ങളിൽ ഡി.എൻ.എ പരിശോധന ബുദ്ധിമുട്ടാണെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി(എഫ്.എസ്.എൽ) ഡയറക്ടർ എച്ച്.പി. സാങ്‌വി വ്യക്തമാക്കി.

ഡി.എൻ.എ ടെസ്റ്റ് ഫലപ്രദമാക്കാൻ പോസ്റ്റ്‌മോർട്ടസമയത്ത്, ശരീരത്തിന്റെ വലതുഭാഗം തിരിച്ചറിയണം. ഇത് അസാദ്ധ്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഡി.എൻ.എ പരിശോധന പൂർത്തിയാക്കാൻ ഏകദേശം 36 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കുമെന്ന് ബി.ജെ മെഡിക്കൽ കോളേജ് സർജറി പ്രൊഫസർ ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. ഇപ്പോൾ പല ബാച്ചുകളായി ഒന്നിലധികം പരിശോധനകൾ ഒരേസമയം നടത്തുന്നുണ്ട്. പ്രൊഫൈൽ പൊരുത്തപ്പെടുത്തൽ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫലങ്ങൾ വരുന്നത് പ്രകാരം ഡോക്ടർമാരും പൊലീസ് ഏജൻസികളും മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറും. ഗുജറാത്ത് ഫോറൻസിക് ലാബിൽ നിന്നുള്ള 36 വിദഗ്‌ദ്ധരെ വിന്യസിച്ചിട്ടുണ്ട്.

240-ലധികം ആളുകളെ ക്രോസ്-മാച്ച് ചെയ്യേണ്ടിവരുന്നത് നടപടി സങ്കീർണമാക്കുന്നു.ആറു യാത്രക്കാരുടെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്. മൃതദേഹങ്ങൾ ഉടൻ കുടുംബങ്ങൾക്ക് കൈമാറും. പരിക്കേറ്റവരിൽ എട്ടുപേർ ഒഴികെയുള്ളവരെ ഡിസ്ചാർജ് ചെയ്തു. അപകട സ്ഥലത്തുണ്ടായിരുന്ന, ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.

ഒരു വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞു

വിമാനം തകർന്നു വീണസമയത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന രാജസ്ഥാൻകാരന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹനുമാൻഗഡ് ജില്ലയിലെ പിലിബംഗ സ്വദേശി മാനവ് ഭാദു(19)വിനെയാണ് തിരിച്ചറിഞ്ഞത്. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ സംസ്‌‌കരിച്ചു.