ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാപിശോധന സർവീസുകൾ വൈകുമെന്ന് എയർഇന്ത്യ

Sunday 15 June 2025 1:02 AM IST

ന്യൂഡൽഹി: എയർഇന്ത്യയുടെ 33 ഡ്രീംലൈനർ സീരീസ് വിമാനങ്ങളിൽ സുരക്ഷാപരിശോധന തുടങ്ങി. അഹമ്മദാബാദ് അപകടത്തിന്റെ പശ്‌ചാത്തലത്തിൽ സിവിൽ വ്യോമയാന ഡയറക്‌ടറർ ജനറലിന്റെ(ഡി.ജി.സി.എ) നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ചില സർവീസുകൾ വൈകാനിടയുണ്ടെന്നും യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ആവശ്യപ്പെടാമെന്നും എയർഇന്ത്യ അറിയിച്ചു.

വിദേശത്തേക്കു പോയ വിമാനങ്ങൾ തിരിച്ചെത്തുന്ന മുറയ്‌ക്ക് പരിശോധന നടത്തും. ഇന്നലെ വരെ ഒൻപത് വിമാനങ്ങളിൽ പരിശോധന പൂർത്തിയാക്കി. ശേഷിക്കുന്ന 24 വിമാനങ്ങളിൽ സമയപരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കും. ചില ദീർഘദൂര റൂട്ടുകളിലും നിയന്ത്രണങ്ങളുള്ള വിമാനത്താവളങ്ങളിലും പരിശോധനയ്‌ക്ക് സമയമെടുക്കും. സർവീസ് വൈകുന്നത് യാത്രക്കാരെ യഥാസമയം അറിയിക്കും. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർക്ക് എയർഇന്ത്യ വെബ്‌സൈറ്റ് വഴി(http://airindia.com/in/en/manage/flight-status.html) വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാം. ടിക്കറ്റ് റദ്ദാക്കാനും സൗജന്യ റീഷെഡ്യൂളിംഗ് നടത്താനും സൗകര്യമുണ്ടാകും.