ഒഡീഷയിൽ ജവാന് വീരമൃത്യു

Sunday 15 June 2025 1:08 AM IST

ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് വീരമൃത്യു. 134-ാമത് സി.ആർ.പി.എഫ് ബറ്റാലിയനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സത്യബൻ കുമാർ സിംഗാണ്(34) കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയാണ്. ജാർഖണ്ഡ്-ഒഡീഷ അതിർത്തിയിൽ ഒഡീഷയിലെ റൂർക്കേലയ്ക്കടുത്തുള്ള കെ ബാലാംഗ് പ്രദേശത്ത് ഇന്നലെ പുലർച്ചെ 5:50 ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഇടതു കാലിന് പരിക്കേറ്റ ഉദ്യോഗസ്ഥനെ റൂർക്കേലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 134 ബറ്റാലിയൻ സി.ആർ.പി.എഫും ഒഡീഷയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായ ഓപ്പറേഷനിടെയാണ് സ്ഫോടനമുണ്ടായത്.

അതേസമയം, മദ്ധ്യപ്രദേശിലെ ബാലാഘട്ടിൽ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ഹോക്ക്ഫോഴ്‌സ്, ജില്ലാ പൊലീസ്, സി.ആർ.പി.എഫ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. മാവോയിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ധീരരായ ജവാന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി മോഹൻ യാദവ് അഭിനന്ദിച്ചതായി എക്സിൽ കുറിച്ചു.