ഇറാന്റെ ലക്ഷ്യം അണുബോംബ് ?
ടെഹ്റാൻ: നതാൻസിലെ യുറേനിയം സമ്പൂഷ്ടീകരണ കേന്ദ്രം അടക്കം ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഒപ്പം പ്രഗത്ഭരായ 9 ആണവ ശാസ്ത്രജ്ഞരെയും വകവരുത്തി. മാസങ്ങൾക്കുള്ളിൽ ഇറാൻ അണുബോംബ് നിർമ്മിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടത്. ഇറാന് ആണവായുധം പാടില്ലെന്നാണ് യു.എസിന്റെയും ഇസ്രയേലിന്റെയും നിലപാട്. അതേ സമയം, രാജ്യത്തെ ആണവ കേന്ദ്രങ്ങൾ സമാധാനപരമായ ഗവേഷണങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്നുമാണ് ഇറാന്റെ വാദം.
# രഹസ്യനീക്കങ്ങൾ
1980കളുടെ അവസാനം മുതൽ 2003 വരെ ആണവ സ്ഫോടകവസ്തു വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇറാൻ നടത്തിയെന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയുടെ കണ്ടെത്തൽ.
2009ൽ ഫോർഡോയിൽ ഇറാൻ ആണവ ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നെന്ന് പാശാത്യ രാജ്യങ്ങൾ വെളിപ്പെടുത്തുന്നതു വരെ ഇറാൻ ചില രഹസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്ന് പറയുന്നു
ഇതിന് ശേഷം ഇറാനിൽ ആണവായുധം വികസിപ്പിക്കുന്നത് സംബന്ധിച്ച് വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് അറ്റോമിക് എനർജി ഏജൻസി
ആണവായുധം നിർമ്മിക്കാതിരുന്നാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്ന ധാരണയിൽ യു.എസും പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് ആവിഷ്കരിച്ച കരാർ 2016ൽ പ്രാബല്യത്തിൽ വന്നു. കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണ പരിധി ഇറാൻ നിജപ്പെടുത്തി. ആണവ റിയാക്ടറുകളിലെ പ്രവർത്തനം നിറുത്തി
2018ൽ ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് യു.എസ് കരാറിൽ നിന്ന് പിന്മാറി. ഇറാന് മേൽ വീണ്ടും ഉപരോധങ്ങൾ. ഫോർഡോയിൽ യുറേനിയം സമ്പൂഷ്ടീകരണം പുനരാരംഭിച്ചത് അടക്കം നിയന്ത്രണങ്ങൾ മറികടന്ന് ഇറാനും നീങ്ങി
ഇറാനുമായി വീണ്ടും ആണവ കരാറിന് യു.എസ് ശ്രമം. ആണവ പദ്ധതി പരിമിതപ്പെടുത്താൻ ഇറാൻ തയ്യാർ. എന്നാൽ പൂർണമായും ഉപേക്ഷിക്കില്ല
ഇന്ന് യു.എസുമായി നടക്കേണ്ടിയിരുന്ന പരോക്ഷ ആണവ ചർച്ച ഇറാൻ ഉപേക്ഷിച്ചു
# ഭൂഗർഭ കേന്ദ്രങ്ങൾ തുളച്ച് ബോംബ്
ഇറാനിൽ പുറംലോകത്തിന് അറിവുള്ളതിൽ പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളാണ് ഫോർഡോ, ഖോൻഡബ് (അരക്), നതാൻസ്, ഇസ്‌ഫഹാൻ, ബുഷെഹർ എന്നിവ. നതാൻസിലെ ഭൂഗർഭ രഹസ്യ ടണലുകൾ അടക്കം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ പറയുന്നു. ഫോർഡോയിലും ഇസ്ഫഹാനിലും ആക്രമണമുണ്ടായി. എന്നാൽ ഇവിടുത്തെ നാശനഷ്ടങ്ങളുടെ തോത് വ്യക്തമല്ല. മൂന്നിടങ്ങളിലും അപകടകരമായ തരത്തിൽ റേഡിയേഷൻ ലെവൽ കണ്ടെത്തിയിട്ടില്ല. നതാൻസിലെയും ഫോർഡോയിലെയും ഭൂഗർഭ രഹസ്യ ടണലുകൾ ആക്രമിക്കാൻ ബങ്കറുകളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഭീമൻ ബോംബുകൾ ഇസ്രയേൽ ഉപയോഗിച്ചെന്ന് കരുതുന്നു. യു.എസിന്റെ ജി.ബി.യു - 28 പോലുള്ളവ ആകാമെന്ന് കരുതുന്നു. അതേ സമയം, നിലവിൽ പ്രവർത്തനം തുടരുന്ന ഇറാനിലെ ഏക ആണവ പവർപ്ലാന്റ് ആണ് ബുഷെഹർ. റഷ്യയിൽ നിന്നുള്ള ഇന്ധനമാണ് ഇവിടെ ഉപയോഗിക്കുന്നത്.