ട്രംപിന്റെ മറുപടിക്ക് കാതോർത്ത്....
വാഷിംഗ്ടൺ: ആണവ കരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇറാന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണത്തോടെ തിരിച്ചടി തുടങ്ങിയ പശ്ചാത്തലത്തിൽ യു.എസിന്റെ നിലപാടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഇസ്രയേലിനെ സഹായിച്ചാൽ മിഡിൽ ഈസ്റ്റിലെ സൈനിക ബേസുകൾ ആക്രമിക്കുമെന്ന് യു.എസ് അടക്കം പാശ്ചാത്യ ശക്തികൾക്ക് ഇറാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഏതാനും മിസൈലുകൾ തകർക്കാൻ മേഖലയിലെ യു.എസ് പ്രതിരോധ സംവിധാനങ്ങൾ സഹായിച്ചിരുന്നു. ഇതോടെയാണ് ഇറാൻ രംഗത്തെത്തിയത്. ഇന്ന് പുലർച്ചെ വാഷിംഗ്ടണിൽ നടക്കുന്ന വമ്പൻ സൈനിക പരേഡിനിടെ ഇറാന്റെ ഭീഷണിക്കുള്ള ശക്തമായ മറുപടി ട്രംപ് നൽകിയേക്കും. ട്രംപിന്റെ 79 -ാം പിറന്നാളായിരുന്നു ഇന്നലെ. ഒപ്പം യു.എസ് ആർമിയുടെ 250 -ാം സ്ഥാപക ദിനവും. ആർമി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4നാണ് മിലിട്ടറി പരേഡ്. സർവീസിലുള്ളതും വിരമിച്ചതുമായ സൈനികരെയും യു.എസിന്റെ സൈനിക ചരിത്രത്തെയും പരേഡിൽ ട്രംപ് ആദരിക്കും. 6,600 സൈനികരും 150 സൈനിക വാഹനങ്ങളും 50 വിമാനങ്ങളും ഉൾക്കൊള്ളുന്ന വമ്പൻ പരേഡാണ് അണിനിരക്കുന്നത്. 1991ൽ ഗൾഫ് യുദ്ധത്തിന്റെ അവസാനം അടയാളപ്പെടുത്തുന്നതിനാണ് വാഷിംഗ്ടണിൽ അവസാനമായി പ്രധാന മിലിട്ടറി പരേഡ് നടന്നത്.