യു.എസുമായുള്ള ആണവ ചർച്ചയിൽ അർത്ഥമില്ല: ഇറാൻ

Sunday 15 June 2025 1:50 AM IST

ടെഹ്‌റാൻ: യു.എസുമായി ആണവ ചർച്ചകൾ തുടരുന്നതിൽ ഇനി അർത്ഥമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്റി അബ്ബാസ് അരാഖ്ചി. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസുമായുള്ള സംഭാഷണത്തിനിടെയാണ് ഇറാന്റെ നിലപാട് അരാഖ്ചി വ്യക്തമാക്കിയത്. ഇതോടെ യു.എസുമായുള്ള ഇറാന്റെ ആണവ ചർച്ചകൾ തകർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇസ്രയേൽ ആക്രമണം ശക്തമാകാനും ഇത് ഇടയാക്കും. ചർച്ച തകർന്നാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ചർച്ചകൾ പൂർണമായി ഉപേക്ഷിക്കുമെന്ന് ഇറാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഇസ്രയേൽ ആക്രമണത്തിന് യു.എസിന്റെ പിന്തുണയുണ്ടെന്നും അരാഖ്ചി ആരോപിച്ചു. യു.എസുമായുള്ള ആണവ ചർച്ചയുടെ ആറാം റൗണ്ട് ഇന്ന് മസ്‌ക്കറ്റിൽ നടക്കേണ്ടതാണ്. ഇറാൻ പ്രതിനിധികൾ പങ്കെടുക്കില്ലെന്നാണ് സൂചന. ശത്രുവിന്റെ ആക്രമണത്തെ ചെറുക്കുന്നതിലാണ് തങ്ങൾക്ക് ഇപ്പോൾ ശ്രദ്ധയെന്നാണ് ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇറാൻ വക്താവ് പ്രതികരിച്ചത്.