ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ അപകടം; ഒരു കുട്ടിയടക്കം ഏഴുപേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ തകർന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേർക്ക് ദാരുണാന്ത്യം. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്‌ടർ ആണ് കാട്ടിൽ തകർന്നുവീണത്. ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്.
ഹെലികോപ്‌ടറിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേശൻ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് തകർന്ന നിലയിൽ ഹെലികോപ്‌ടർ ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.
മേയ് രണ്ടിന് കേദാർനാഥ് തീർത്ഥാടനം ആരംഭിച്ചതിനുശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം അറിയിച്ചു. എസ്‌ഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.