'ഒരു കാരണവശാലും പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുത്'; സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് അമേരിക്ക
ടെഹ്റാൻ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനാൽ ഇറാനിലുള്ള യുഎസ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്ക. ഒരു കാരണവശാലും യുഎസ് പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്, ഇറാനിൽ നിന്ന് പുറത്തുപോകാൻ കഴിയാത്ത യുഎസ് പൗരന്മാർ അത്യാവശ്യമെങ്കിൽ സുരക്ഷിത താവളങ്ങളിൽ അഭയം തേടാൻ തയ്യാറാകണമെന്നും യുഎസ് അറിയിച്ചു.
വർദ്ധിച്ചുവരുന്ന ആഭ്യന്തര സംഘർഷങ്ങൾ കാരണം ഇറാനിലുള്ള യുഎസ് പൗരന്മാർ സാരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. യുഎസ് സർക്കാരിന് ഇറാൻ സർക്കാരുമായോ നയതന്ത്രപരമായോ കോൺസുലാർ ബന്ധമോ ഇല്ല. ടെഹ്‌റാനിലെ എംബസി വഴി പ്രവർത്തിക്കുന്ന സ്വിസ് സർക്കാർ, ഇറാനിലെ യുഎസിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ശക്തിയായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് യുഎസ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജൂൺ 14ാം തീയതി മുതലാണ് ഇറാൻ വ്യോമാതിർത്തികൾ അടച്ചിട്ടത്. ഇറാനിൽ നിന്ന് വിമാനമാർഗ്ഗം പുറപ്പെടാൻ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാർ അവരുടെ വിമാനക്കമ്പനികളുമായി യാത്രാ പദ്ധതികൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അർമേനിയയുമായുള്ള കര അതിർത്തി ഇറാൻ തുറന്നിരിക്കുമെന്നാണ് വിവരം. ഇന്നലെ തുർക്കിയുമായുള്ള ഗുർബുലക്, കപിക്കോയ്, എസെൻഡെരെ എന്നീ കര അതിർത്തികളും തുറന്നിട്ടുണ്ടെന്ന് തുർക്കി സർക്കാർ അറിയിച്ചു. എന്നാൽ, ഈ അതിർത്തി കടക്കുമ്പോൾ തുർക്കിക്കാർ അല്ലാത്ത പൗരന്മാരെ ഇറാൻ സർക്കാർ നിയന്ത്രിച്ചേക്കാമെന്നാണ് പറയുന്നത്. കിഴക്കൻ തുർക്കിയിൽ നിന്നും യുഎസിലേക്കുള്ള വിമാനങ്ങൾ പരിമിതമാണെന്നാണ് റിപ്പോർട്ട്.
അസർബൈജാൻ അതിർത്തി വഴിയും ഇറാനിൽ നിന്ന് കരമാർഗ്ഗം പോകാൻ യുഎസ് പൗരന്മാർക്ക് കഴിയും. നിലവിൽ അസർബൈജാൻ കര അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ പ്രത്യേക അനുമതിയോടെ യുഎസ് പൗരന്മാർക്ക് അസ്താര അതിർത്തി ക്രോസിംഗിൽ അസർബൈജാനിൽ പ്രവേശിക്കാൻ കഴിയും. അതിർത്തിയിലേക്ക് പോകുന്നതിന് മുമ്പ് യുഎസ് പൗരന്മാർക്ക് അസർബൈജാൻ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ബാക്കുവിലെ യുഎസ് എംബസി ഇതിന് സൗകര്യമൊരുക്കുമെന്നാണ് വിവരം. അസർബൈജാനിലേക്ക് പ്രവേശനം അഭ്യർത്ഥിക്കാൻ പദ്ധതിയിടുന്ന യുഎസ് പൗരന്മാർ വ്യക്തിഗത വിവരങ്ങളും യുഎസ് എംബസി ബാക്കു അമേരിക്കൻ സിറ്റിസൺസ് സർവീസസ് യൂണിറ്റിലേക്ക് അയയ്ക്കണമെന്നും അമേരിക്കൻ സർക്കാർ ആവശ്യപ്പെടുന്നു.