പ്രിയംവദയെ കൊന്നത് സുഹൃത്ത് വിനോദ്; കട്ടിലിനടിയിൽ മൃതദേഹം, നിർണായകമായത് ഭാര്യാമാതാവിന്റെ മൊഴി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയതായി അയൽവാസി. പനച്ചമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ (48) കൊലപ്പെടുത്തിയെന്നാണ് അയൽവാസി വിനോദിന്റെ മൊഴി. ഇയാളെയും സഹോദരൻ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വർഷങ്ങൾക്ക് മുമ്പ് പ്രിയംവദയെ ഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു. അതിനുശേഷം ഒറ്റയ്ക്കായിരുന്നു പ്രിയംവദ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് പ്രിയംവദയുടെ പെൺമക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. വിനോദ് നൽകാനുള്ള പണം പ്രിയംവദ തിരികെ ചോദിച്ചതാണ് അരും കൊലയ്ക്ക് കാരണം. വ്യാഴാഴ്ച പ്രതി പ്രിയംവദയെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. ഇതോടെ ബോധം പോയി. ബോധം വന്നപ്പോൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കട്ടിലിനടിയിൽവച്ചു. രാത്രി വീടിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. പ്രതിയുടെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ഇന്ന് രാവിലെ വൈദികനോടാണ് കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞത്.കട്ടിലിനടിയിൽ മൃതദേഹം കണ്ടെന്ന് വിനോദിന്റെ മകളാണ് മുത്തശ്ശിയോട് പറഞ്ഞത്. പിന്നാലെ വീടിന് സമീപം മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. തന്റെ വീടിന് സമീപത്ത് രക്തക്കറ കണ്ടതായി അയൽവാസി സരസ്വതിയും മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പ്രിയംവദയുടെ സുഹൃത്താണ് വിനോദ്.