ദിവസവും ഗോതമ്പ് ചപ്പാത്തി തിന്നുമടുത്തോ? എന്നാൽ ഇനി ഇത് പരീക്ഷിച്ചുനോക്കൂ

Sunday 15 June 2025 5:04 PM IST

ആട്ടയും ഗോതമ്പും കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തി കഴിച്ച് മടുത്തോ?​ എങ്കിൽ വ്യത്യസ്തമായ ഒരു ചപ്പാത്തി പരീക്ഷിച്ചാലോ?​. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഈ ചപ്പാത്തി റാഗി കൊണ്ടാണ് ഉണ്ടാക്കുന്നത്. പ്രമേഹമുള്ളവരും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും റാഗി ചപ്പാത്തി കഴിക്കുന്നത് വളരെ നല്ലതാണ്.

ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുമെന്നത് മാത്രമല്ല ആരോഗ്യത്തിനും റാഗി വളരെ നല്ലതാണ്. ഫെെബർ ധാരാളമായി റാഗിയിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം നിറഞ്ഞ റാഗി എല്ലുകൾക്കും വളരെ നല്ലതാണ്. ദഹിക്കാൻ സമയമെടുക്കുന്നതിനാൽ വിശപ്പ് അധികം ഉണ്ടാകില്ല. ചപ്പാത്തി ഉണ്ടാക്കാൻ മാവ് കുഴയ്ക്കുന്നത് പോലെയാണ് റാഗി ഉപയോഗിച്ചും ചപ്പാത്തി ഉണ്ടാക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം ഇതിനായി കുറച്ച് വെള്ളം ചൂടാക്കുക. ഇതിലേക്ക് കുറച്ച് നെയ്യോ വെളിച്ചെണ്ണയോ ചേർക്കാം. കുറച്ച് ഉപ്പും ചേർക്കണം. ശേഷം വെള്ളത്തിന്റെ അതേ അളവ് റാഗിപൊടി എടുത്ത് ഈ തിളക്കുന്ന വെള്ളത്തിൽ ഇട്ട് നല്ലപോലെ യോജിപ്പിക്കണം. വെള്ളം വറ്റി കഴിഞ്ഞ് തീ ഓഫ് ചെയ്യാം. ശേഷം തണുക്കാൻ അടച്ച് വയ്ക്കുക. എന്നിട്ട് ചെറിയ ചൂടിൽ ഇത് കുഴച്ചെടുക്കണം. നല്ല സോഫ്റ്റ് ചപ്പാത്തി കിട്ടാൻ നല്ലപോലെ കുഴയ്ക്കണം. ശേഷം മാവ് ചെറിയ ഉരുളയാക്കി ഉരുട്ടിയെടുക്കുക. ഇനി സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ പരത്തി ചൂട്ട് എടുക്കാം.