ചുങ്കം റോഡിലെ തണൽമരം കടപുഴകി....  അനാസ്ഥ തല ഉയർത്തി, വഴിമാറിയത് വൻദുരന്തം

Monday 16 June 2025 12:43 AM IST

കോട്ടയം : ഒന്നും, രണ്ടുമല്ല വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടതാണ് തലയ്ക്ക് മീതെയുള്ള ഈ അപകടക്കെണി വെട്ടിനീക്കാൻ. ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ നിലംപൊത്തിയപ്പോൾ ആർക്കും പോറലേൽക്കാത്തതിന്റെ ആശ്വാസത്തിലാണ് നാട്. മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം പാലത്തിനോട് ചേർന്ന് നിന്നിരുന്ന കൂറ്റൻ വാക മരമാണ് ഇന്നലെ രാവിലെ 6.45 ഓടെ കടപുഴകിയത്. ഞായറാഴ്ചയും, പുലർച്ചെയുമായതിനാൽ ആളുകൾ കുറവായിരുന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. അല്ലെങ്കിൽ വൻദുരന്തത്തിൽ കലാശിച്ചേനേ. സദാസമയം മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകളും, സ്കൂൾ, സർവീസ് ബസുകളും കടന്നുപോകുന്നത് ഇതുവഴിയാണ്. സമീപത്തായി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. വൈദ്യുതി ലൈനുകൾ തകർത്ത് റോഡിന് കുറുകെ കടന്ന് കോയിക്കൽ ജോണിന്റെ വീടിന് മുകളിലേയ്ക്കാണ് മരം പതിച്ചത്. മേൽക്കൂര പൂർണമായും തകർന്നു. വൈദ്യുതി കമ്പികളിൽ നിന്ന് തീ ഉയരുന്നത് കണ്ടതോടെ ജോൺ പേടിച്ച് പിന്നിലേക്കോടി. ഈ സമയം ഭാര്യ ലില്ലി അടുക്കളയിലായിരുന്നു. വീടിനുള്ളിൽ കുടുങ്ങിയ ലില്ലിയെ ഫയർഫോഴ്സ് എത്തിയാണ് ചില്ലകൾ മാറ്റി പുറത്തെത്തിച്ചത്. ചുങ്കം തൈത്തറയിൽ അജി എബ്രഹാമിന്റെ മക്കളായ ആരോണും അലീനയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും മരത്തിനിടയിൽപ്പെട്ടു. ഇരുവരെും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചു. മരം ഭാഗികമായി മുറിച്ച് നീക്കിയ ശേഷമാണ് ഓട്ടോ മാറ്റാനായത്. ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. രാത്രി വൈകിയാണ് മരം പൂർണമായും മുറിച്ചുമാറ്റാനായത്.

രക്ഷപ്പെടൽ അവിശ്വസനീയം പൊടുന്നനെയൊരു ശബ്ദം മാത്രമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിറുത്തി. പിന്നീട് കാണുന്നത് മരച്ചില്ലകൾ ഓട്ടോറിക്ഷയുടെ മേൽ പതിക്കുന്നതാണ്. തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് സഹോദരങ്ങളായ പ്ലസ്ടു വിദ്യാർത്ഥിയായ അലീനയും ആരോണും. പള്ളിയിലേക്ക് പോയതായിരുന്നു ഇവർ. ചുങ്കം ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന തൈത്തറയിൽ അജി എബ്രഹാമിന്റെയും, ജിനുവിന്റെയും മക്കളാണിവർ. മാതാപിതാക്കൾ ആദ്യം പോയിരുന്നു. മറ്റൊരു ഓട്ടോയിലാണ് ഇവർ പോയത്. പനയക്കഴിപ്പ് റോഡിൽ നിന്ന് ചുങ്കം റോഡിലേക്ക് കയറിവരുന്നതിനിടെയാണ് സംഭവം. രണ്ട് വലിയ തടികളുടെ ഇടയിലായിരുന്നു ഓട്ടോ. പുറത്തിറങ്ങിയെങ്കിലും വൈദ്യുതി ലൈനുകൾക്കിടയിലായിരുന്നതിനാൽ മരച്ചില്ലകൾക്കിടയിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചെറിയ മരച്ചില്ലയാണ് വീണതെന്നാണ് കരുതിയത്. പുറത്തിറങ്ങി നോക്കിയപ്പോഴാണ് മരം കണ്ടതെന്നും ഇരുവരും പറഞ്ഞു.

''ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട് മരച്ചില്ലകളാൽ മൂടിയ നിലയിലായിരുന്നു. പത്രം വാങ്ങി തിരികെ വരികയായിരുന്നു. വീടിന് മുകളിലേക്കായിരുന്നു റോഡിനപ്പുറത്തുള്ള വാകമരം വളർന്നുനിന്നിരുന്നത്. മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. -ജോൺ