പൊലീസിലേക്ക് അരലക്ഷത്തിലധികം നിയമനങ്ങള്‍; വനിതകള്‍ മാത്രം 12,000ല്‍ അധികം

Sunday 15 June 2025 7:00 PM IST

ലക്‌നൗ: സംസ്ഥാനത്തെ പൊലീസ് സേനയിലേക്ക് വമ്പന്‍ നിയമന ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. 60,244 പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് നിയമന ഉത്തരവ് കൈമാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുതിയ നിയമന ഉത്തരവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഒരേ സമയം ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ പൊലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍.

48 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇതില്‍ നിന്നാണ് 60,244 പേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമിച്ചത്. 48,196 പുരുഷന്‍മാര്‍ക്കും 12,048 വനിതകള്‍ക്കുമാണ് നിയമനം കിട്ടിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇത്രയും അധികം പേരെ പൊലീസ് സേനയിലേക്ക് ഒരേസമയം നിയമിക്കുന്നത്. വൃന്ദാവന്‍ യോജനയുടെ ഡിഫന്‍സ് എക്‌സ്‌പോ ഗ്രൗണ്ടില്‍ വെച്ചാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ നിയമന പ്രക്രിയയെചൊല്ലി വിവാദങ്ങള്‍ ഉണ്ടായിരുന്നു. 2024 ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെതുടര്‍ന്ന് റദ്ദാക്കുകയും പിന്നീട് അതേ വര്‍ഷം ഓഗസ്റ്റില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരീക്ഷയ്ക്ക് 300 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടായിരുന്നത്, (ആകെ 150 ചോദ്യങ്ങള്‍). എഴുത്ത് പരീക്ഷയും കായിക പരീക്ഷയും മെഡിക്കല്‍ അസസ്‌മെന്റും പാസായവരാണ് സംസ്ഥാനത്തെ പൊലീസ് സേനയില്‍ നിയമനത്തിന് അര്‍ഹരായത്.