നടപടി കടുപ്പിച്ച് ട്രംപ് , 36 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നു

Sunday 15 June 2025 7:00 PM IST

വാഷിംഗ്ടൺ :: പുതുതായി 36 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് ട്രംപ് ഒരുങ്ങുന്നു. യാത്രാവിലക്ക് ഏർപ്പെടുത്തുന്ന 36 രാജ്യങ്ങളിൽ 25ഉം ആഫ്രിക്കൻ രാജ്യങ്ങളാണ്. ഏത്യോപ്യ, ഈജിപ്റ്റ്,​ ജിബുട്ടി തുടങ്ങിയ രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയവയുടെ പട്ടികയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട കരടിൽ അമേരിക്കൻ ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പുവച്ചു. അടിയന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പട്ടികയിലുള്ള രാജ്യങ്ങൾക്ക് അമേരിക്ക 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അംഗോള, ബെനിൻ, ബുർക്കിന ഫാസോ, കാബോ വെർഡെ, കാമറൂൺ, കോട്ട് ഡി ഐവയർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബൺ, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജർ, നൈജീരിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പി, സെനഗൽ, ദക്ഷിണ സുഡാൻ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങൾക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് തിരിച്ചറിയിൽ രേഖകളില്ലാതെ നിരവധിപേർ എത്തുന്നുണ്ടെന്നാണ് അമേരിക്കൻ ആഭ്യന്തര വകുപ്പിന്റെ ആരോപണം.

വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി അമേരിക്കയിൽ എത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങൾ,​ യാത്രാ നിരോധനങ്ങൾ മുതലായവയെ കുറിച്ചാണ് കരട് നിയമത്തിൽ പറയുന്നത്.